ബംഗ്ലാദേശില്‍ കനത്ത മഴയും ഉരുള്‍പ്പൊട്ടലും ; 44 മരണം ; പത്തുലക്ഷത്തിലേറെ പേര്‍ ഒറ്റപ്പെട്ടു
വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് ദിവസങ്ങളായി ഭക്ഷണം പാകം ചെയ്യാന്‍ സാധിച്ചിട്ടില്ല.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഊര്‍ജ്ജിതമാക്കിയതായി ബംഗ്ലാദേശ് ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശില്‍ ദിവസങ്ങളായി തുടരുന്ന കനത്ത കാലവര്‍ഷപ്പെയ്തിയെത്തുടര്‍ന്ന് തെക്കുകിഴക്കന്‍ മേഖലകളില്‍ കനത്ത പ്രളയവും ഉരുള്‍പൊട്ടലും. ദുരന്തത്തില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 44 പേര്‍ മരണപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകള്‍ പ്രളയക്കെടുതിയില്‍ കുടുങ്ങി ഒറ്റപ്പെടുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഊര്‍ജ്ജിതമാക്കിയതായി ബംഗ്ലാദേശ് ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു.
ചറ്റോഗ്രാം, കോക്സ് ബസാര്‍, ബന്ദര്‍ബന്‍, രംഗമതി, ഖഗ്രാച്ചാരി, മൗലവിബസാര്‍, ഹബിഗഞ്ച് തുടങ്ങി ഏഴോളം ജില്ലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. ഏകദേശം 2,67,918 ഓളം കുടുംബങ്ങള്‍ പൂര്‍ണ്ണമായും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. റോഡുകള്‍ തകരുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തതും, പലയിടങ്ങളിലും വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത കുറയ്ക്കുന്നുണ്ട്.
വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് ദിവസങ്ങളായി ഭക്ഷണം പാകം ചെയ്യാന്‍ സാധിച്ചിട്ടില്ല. നിലവില്‍ പാകം ചെയ്യാന്‍ വേണ്ടാത്ത അവല്‍, മലര്‍, ബിസ്‌കറ്റ് തുടങ്ങിയ ഉണങ്ങിയ ഭക്ഷണങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ദുരന്തബാധിത മേഖലകളില്‍ ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ എന്നിവ എത്തിക്കാന്‍ ബംഗ്ലാദേശ് സൈന്യവും നാവികസേനയും ബോട്ടുകള്‍ ഉപയോഗിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.