യുഎസിൽ പത്തുവർഷത്തിനിടെയുള്ള വലിയ മഞ്ഞുവീഴ്ച; 5,000ത്തോളം വിമാനങ്ങൾ റദ്ദാക്കി

യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിലെ സ്ഥിതിഗതികള്‍ മോശമായി തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ശീതക്കാറ്റ് വീശുന്നതിനാലും മഞ്ഞുവീഴ്ച അധികരിച്ചതിനാലും ന്യൂയോര്‍ക്കില്‍ ഉച്ചവരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

വാഷിങ്ടണ്‍: യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിലെ സ്ഥിതിഗതികള്‍ മോശമായി തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ശീതക്കാറ്റ് വീശുന്നതിനാലും മഞ്ഞുവീഴ്ച അധികരിച്ചതിനാലും ന്യൂയോര്‍ക്കില്‍ ഉച്ചവരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസിലും കാനഡയിലും അതിശക്തമായ വീഴ്ചയും കാറ്റുമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ അമേരിക്ക കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 59 ദശലക്ഷത്തോളം ആളുകളെയാണ് മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുക. കാലാവസ്ഥ പ്രതികൂലമായതിന് പിന്നാലെ യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ റോഡുകളും പാലങ്ങളും സ്‌കൂളുകളുമടക്കം അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഞ്ഞുവീഴ്ച നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാകില്ലെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. അമേക്കയിലെ തീരദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ചരിത്രം കണ്ട ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്ക് അമേരിക്ക സാക്ഷിയാകേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.