ലെബനനുമായി വെടിനിര്‍ത്തല്‍ ധാരണയില്‍ എത്താന്‍ ഇസ്രയേലിനോട് താന്‍ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ്

നെതന്യാഹുവുമായി നേരിട്ട് സംസാരിച്ചോ എന്ന കാര്യം വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല.

 

ചില സമയങ്ങളില്‍ ശാന്തത പാലിക്കുകയും ബുദ്ധിപൂര്‍വ്വം ചിന്തിക്കുകയും വേണമെന്ന് താന്‍ ഇസ്രയേല്‍ അധികൃതരോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.


ലെബനനുമായി വെടിനിര്‍ത്തല്‍ ധാരണയില്‍ എത്താന്‍ ഇസ്രയേലിനോട് താന്‍ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകളെ ബാധിക്കാതിരിക്കാന്‍ ചില സമയങ്ങളില്‍ ശാന്തത പാലിക്കുകയും ബുദ്ധിപൂര്‍വ്വം ചിന്തിക്കുകയും വേണമെന്ന് താന്‍ ഇസ്രയേല്‍ അധികൃതരോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് സംസാരിച്ചോ എന്ന കാര്യം വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല.

മേഖലയില്‍ വലിയ യുദ്ധഭീതി പടര്‍ത്തിയ കടുത്ത ആക്രമണങ്ങള്‍ക്കൊടുവിലാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. ലെബനന്‍ സമയം വൈകുന്നേരം 4 മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതെന്ന് യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലും ഇറാന്റെ സഹകരണത്തോടെയുമാണ് ഈ നിര്‍ണായക കരാര്‍ സാധ്യമായത്. ഹിസ്ബുള്ളയുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകാത്ത പക്ഷം തങ്ങള്‍ യുദ്ധത്തിനില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയെങ്കിലും, സൈന്യം തെക്കന്‍ ലെബനനില്‍ തന്നെ തുടരുമെന്ന് അറിയിച്ചു. വെടിനിര്‍ത്തലിന്റെ ആദ്യ മണിക്കൂറില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ ആരോപിച്ചു.