ആണവ യുദ്ധത്തിലേക്ക് നീങ്ങിയിരുന്ന ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം താന്‍ ഇടപെട്ട് തടഞ്ഞെന്ന അവകാശവാദവുമായി ട്രംപ്

എട്ട് വിമാനങ്ങളാണ് അന്ന് വെടിവെച്ചിട്ടത്. ആ യുദ്ധം രൂക്ഷമാകുന്നതിന് മുമ്പ് എനിക്ക് തടയാനായി.

 

''പ്രസിഡന്റ് ട്രംപ് 10 ദശലക്ഷം ആളുകളുടെയോ അതിലധികം ആളുകളുടെയോ ജീവന്‍ രക്ഷിച്ചുവെന്നാണ് പാക് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.'

ആണവ യുദ്ധത്തിലേക്ക് നീങ്ങിയിരുന്ന ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം താന്‍ ഇടപെട്ട് തടഞ്ഞെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി താന്‍ ഇടപെട്ടുവെന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനെ പൂര്‍ണമായും തള്ളിയിരുന്നു. ഇതിനിടെയാണ് വീണ്ടും അവകാശവാദം ആവര്‍ത്തിച്ച് ട്രംപ് പ്രസ്താവന നടത്തുന്നത്.


'ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. തായ്ലന്‍ഡും കംബോഡിയയുമായുള്ള പ്രശ്നങ്ങള്‍ കുറഞ്ഞു തുടങ്ങി. വളരെ നല്ലനിലയിലേക്ക് അത് പോകുന്നുവെന്നാണ് കരുതുന്നത്. പാകിസ്താനും ഇന്ത്യയും തമ്മില്‍ നടക്കേണ്ടിയിരുന്ന ആണവ യുദ്ധം ഞാന്‍ തടഞ്ഞു. പ്രസിഡന്റ് ട്രംപ് 10 ദശലക്ഷം ആളുകളുടെയോ അതിലധികം ആളുകളുടെയോ ജീവന്‍ രക്ഷിച്ചുവെന്നാണ് പാക് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എട്ട് വിമാനങ്ങളാണ് അന്ന് വെടിവെച്ചിട്ടത്. ആ യുദ്ധം രൂക്ഷമാകുന്നതിന് മുമ്പ് എനിക്ക് തടയാനായി. എന്നാല്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം മാത്രം ഇതുവരെ പരിഹരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.' ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ അവകാശവാദത്തെ മുമ്പ് തന്നെ ഇന്ത്യ തള്ളിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.