ക്രൂയിസ് കപ്പലിൽ ഒരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു
അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ യാത്ര നടത്തുന്ന നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു.മൂന്നുപേർ മരണപ്പെടുകയും ഒരാളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയും ചെയ്തതിനിടെ, ആണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നത്. മരണപ്പെട്ട ഡച്ച് വനിതയ്ക്കും 69കാരനായ ബ്രീട്ടീഷ് പൗരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ബ്രിട്ടീഷ് പൗരനെ തീവ്ര പരിചരണത്തിനായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് മാറ്റി.
ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് നടത്തിപ്പുകാരായ എംവി ഹോണ്ടിയസ് കപ്പലിലാണ് വൈറസ് രോഗബാധ ഉണ്ടായത്. ഏകദേശം ഒരുമാസം മുൻപ് അർജൻ്റീനയിൽനിന്ന് പുറപ്പെട്ട കപ്പൽ 6,000 മൈലുകളിലധികം യാത്ര പിന്നിട്ടു. 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് കപ്പലിൽ ഉള്ളത്. ഡച്ച് ദമ്പതികളും ജർമൻ യാത്രക്കാരനുമാണ് മരണപ്പെട്ടത്.
കഴിഞ്ഞ മാസം കപ്പൽ കടലിൽ തുടരുമ്പോഴാണ് ഡച്ച് പൗരന് ജീവൻ നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ഭാര്യയെ സെൻ്റ് ഹെലീന ദ്വീപിൽനിന്ന് ജോഹന്നാസ്ബർഗിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.നിലവിൽ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കേപ് വെർഡെയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽനിന്ന് ബ്രിട്ടീഷ്, ഡച്ച് പൗരന്മാരായ രണ്ട് ജീവനക്കാരെയും രോഗബാധ സ്ഥിരീകരിച്ച ജർമൻ പൗരനുമായി അടുത്തിടപഴകിയ മറ്റൊരാളെയും മാറ്റും.