ഇസ്രായേലിന്‍റെ ആക്രമണത്തിൽ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്
ജറൂസലം: വടക്കൻ ഗസ്സയിൽ ഇസ്രായേലിന്‍റെ ആക്രമണത്തിൽ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്. വനിത ബന്ദിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ബന്ദികളിൽ ചിലരുടെ അവസ്ഥ എന്തെന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബന്ദി കൊല്ലപ്പെട്ടതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനാണെന്നും ഹമാസ് ആരോപിച്ചു.
അതേസമയം, കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് പ്രതികരിച്ചു. സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചിലർ ചോർത്തിയെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തുവന്നു.
തന്നെ താറടിക്കാൻ നടന്ന ശ്രമങ്ങൾ ഇസ്രായേലിന്‍റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോർത്തൽ സംഭവത്തിൽ അറസ്റ്റിലായ തന്‍റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. എന്നാൽ, നെതന്യാഹുവിന്‍റെ വാദങ്ങൾ പരിഹാസ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് യായിർ ലാപിഡിന്റെ പ്രതികരണം.