എച്ച് 1ബി വിസയ്ക്ക് മൂന്നു വര്‍ഷം വിലക്കോ ; നിയമ നിര്‍മ്മാണത്തിനൊരുങ്ങി യുഎസ് ; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
വിദേശ തൊഴിലാളിയെ നിയമിക്കാന്‍ സ്വദേശി തൊഴിലാളിയെ പിരിച്ചുവിടില്ലെന്ന് ഉറപ്പാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കഠിനധ്വാനം ചെയ്യുന്ന യുഎസ് പൗരന്മാര്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് എലി ക്രെയിന്‍ പറഞ്ഞു.
യുഎസ് എച്ച് 1 ബി വിസകള്‍ നല്‍കുന്നത് മൂന്നു വര്‍ഷത്തേക്ക് നിര്‍ത്തുന്നത് അടക്കമുള്ള വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ചു. എച്ച് 1 ബി വിസ ദുരുപയോഗം തടയല്‍ നിയമം 2026 എന്ന പേരില്‍ എലി ക്രെയിന്‍ അവതരിപ്പിച്ച ബില്‍ നിലവിലെ വിസാ സമ്പ്രദായം പൂര്‍ണമായും പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭത്തിനല്ല മറിച്ച് കഠിനധ്വാനം ചെയ്യുന്ന യുഎസ് പൗരന്മാര്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് എലി ക്രെയിന്‍ പറഞ്ഞു.
ബ്രാന്‍ഡന്‍ ഗില്‍, പോള്‍ ഗോസര്‍, ആന്‍ഡി ഓഗിന്‍സ് തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളുടെ പിന്തുണ ബില്ലിനുണ്ട്. നിലവില്‍ പ്രതിവര്‍ഷം അനുവദിക്കുന്ന 65000 വിസകളുടെ എണ്ണം 25000 ആയി കുറയ്ക്കണമെന്നാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം. നിലവിലുള്ള ലോട്ടറി സമ്പ്രദായത്തിന് പകരം ഉയര്‍ന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കുന്ന രീതി കൊണ്ടുവരണമെന്നും കുറഞ്ഞ ശമ്പളം പ്രതിവര്‍ഷം 200000 ഡോളര്‍ ആയി നിശ്ചയിക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.
വിദേശ തൊഴിലാളിയെ നിയമിക്കാന്‍ സ്വദേശി തൊഴിലാളിയെ പിരിച്ചുവിടില്ലെന്ന് ഉറപ്പാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വിസയുള്ളവര്‍ക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു. യുഎസ് തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ കൂലിക്ക് വിദേശികളെ വയ്ക്കുന്ന രീതി അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നു.