ജര്‍മ്മനിയില്‍ നിന്നുള്ള യുഎസ് സൈനികരുടെ പിന്മാറ്റം പ്രതീക്ഷിച്ചതെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ; അമേരിക്കയുടെ തീരുമാനത്തില്‍ നാറ്റോ സഖ്യം വ്യക്തത തേടി
സമാധാന ചര്‍ച്ചയ്ക്കിടെ ഇറാന്‍ നയതന്ത്രജ്ഞര്‍ അമേരിക്കയെ നാണംകെടുത്തിയെന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെര്‍സ് വിമര്‍ശിച്ചിരുന്നു
യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ പിന്മാറ്റം എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് നാറ്റോ അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണ്.
ജര്‍മ്മനിയില്‍ നിന്നുള്ള യുഎസ് സൈനികരുടെ പിന്മാറ്റം പ്രതീക്ഷിച്ചതാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ്. അമേരിക്കയുടെ നീക്കത്തില്‍ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നും അദ്ദേഹം ഡിപിഎ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം അമേരിക്കയുടെ തീരുമാനത്തില്‍ നാറ്റോ സഖ്യം കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്. യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ പിന്മാറ്റം എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് നാറ്റോ അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണ്.
സമാധാന ചര്‍ച്ചയ്ക്കിടെ ഇറാന്‍ നയതന്ത്രജ്ഞര്‍ അമേരിക്കയെ നാണംകെടുത്തിയെന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെര്‍സ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് ജര്‍മ്മനിയിലെ സൈനികരെ പിന്‍വലിച്ചത്. ജര്‍മ്മനിയില്‍ അമേരിക്കയുടെ 36000 സൈനികരാണ് ഇപ്പോഴുള്ളത്. യൂറോപ്പില്‍ തന്നെ ഏറ്റവുമധികം യുഎസ് സൈനികരുള്ളത് ജര്‍മ്മനിയിലാണ്. 12000 പേരുള്ള ഇറ്റലിയും പതിനായിരം പേരുള്ള യുകെയുമാണ് തൊട്ടപിന്നില്‍. ഇനിയും സൈനിക വിന്യാസം കുറയ്ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും സ്‌പെയിനില്‍ നിന്നും സൈനികരെ പിന്‍വലിക്കുമെന്നാണ് പ്രസിഡന്റ് പറയുന്നത്.