ഗാസയിലെ വംശഹത്യ തടയണം ; ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്‍കി അന്താരാഷ്ട്ര കോടതി

ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.
 

ഗാസയില്‍ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്‍കി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഗാസയിലെ സാഹചര്യം ഹൃദയഭേദ കമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ 10 ആശുപത്രികള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഗാസയില്‍ പട്ടിണിയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചു. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ഗാസ സിറ്റിക്ക് സമീപം നിരായുധരായ പലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം വധിച്ചു. വെള്ളത്തുണി വീശിക്കാണിച്ചിട്ടും ജനങ്ങളെ സൈന്യം വെടിവെച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 70% ആളുകള്‍ പട്ടിണിയിലായ ഗാസയിലേക്ക് ഈ മാസം ഭക്ഷണവുമായി ആകെ എത്തിയത് 11 ട്രക്കുകള്‍ മാത്രമാണ്. 74,000 ത്തോളം പലസ്തീന്‍കാര്‍ ഇവിടെ പട്ടിണിയിലാണ്.