ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ 

 

ദോഹ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ. അവശ്യവസ്തുക്കൾ അടങ്ങിയ 49 ട്രക്കുകളാണ് ഗസ്സയിലെത്തുന്നത്. ഒരു ലക്ഷത്തിലേറെ പേർക്ക് ഖത്തറിന്റെ സഹായത്തിന്റെ ഗുണഫലം ലഭിക്കും. ഖത്തർ ചാരിറ്റിയുടെയും ഖത്തർ റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് വഴിയാണ് ഖത്തർ സഹായം എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മുപ്പതിനായിരത്തോളം പേർക്ക് ഗുണഫലം ലഭിക്കുന്ന 4704 ഫുഡ് പാർസലുകൾ, അമ്പതിനായിരം പേർക്കുള്ള ഭക്ഷണക്കൂടകൾ, 43,000 ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന 174 ടൺ ധാന്യപ്പൊടികൾ, അയ്യായിരം യൂനിറ്റ് ബേബി ഫുഡ് എന്നിവയാണ് ഖത്തറിന്റെ സഹായത്തിലുള്ളത്. ഈജിപ്തിലും ജോർദാനിലുമാണ് സഹായം വഹിച്ചുള്ള ട്രക്കുകൾ നിലവിലുള്ളത്. കെറം ഷാലോം, റഫ അതിർത്തി വഴി ഇവ വൈകാതെ ഗസ്സയിൽ പ്രവേശിക്കും.

മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം, ഗസയിലേക്ക് സഹായമെത്തിക്കുന്നതായി മാനുഷിക ഇടനാഴി തുറക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫലസ്തീനികൾക്കുള്ള സഹായമെത്തുന്നത്.