ഗാസയിൽ ആദ്യഘട്ട പോളിയോ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കി
ജറുസലം: ഗാസയിൽ ആദ്യഘട്ട പോളിയോ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതിനിടെ 24 മണിക്കുറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു.
107 പേർക്കു പരുക്കേറ്റു. മധ്യഗാസയിൽ ദെയ്റൽ ബലാഹിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പകൽ ഏതാനും മണിക്കൂർ വെടിനിർത്തലുണ്ടായിരുന്നെങ്കിലും മറ്റു സ്ഥലങ്ങളിൽ ഇളവില്ല വാക്സിനേഷൻ കേന്ദ്രങ്ങളോടു ചേർന്ന മഗാസി അഭയാർഥി ക്യാംപിലും ബുറേജിലും ഇന്നലെ തുടർച്ചയായ ബോംബാക്രമണമുണ്ടായി.
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈനിക നടപടി ഒൻപതാം ദിവസത്തിലേക്കു കടന്നു. കഴിഞ്ഞ മാസം 28 നുശേഷം ഇതുവര ജെനിനിലും തുൽകരിമിലും 33 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 130 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 40,861 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,398 പേർക്കു പരുക്കേറ്റു.
മധ്യഗാസയിൽ ആദ്യഘട്ടം പിന്നിടുമ്പോൾ 1,89,000 കുട്ടികൾക്കാണു വാക്സിൻ നൽകിയതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. അടുത്ത ഘട്ടം തെക്കൻ ഗാസയിലാണ്.