15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി ഫ്രാൻസ്

5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തുന്ന ചരിത്രപ്രധാനമായ ബില്ലിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകാനൊരുങ്ങുന്നു.
 

 പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തുന്ന ചരിത്രപ്രധാനമായ ബില്ലിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകാനൊരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പോടെ, യൂറോപ്യൻ യൂണിയനിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി ഇത്തരമൊരു ശക്തമായ ഡിജിറ്റൽ പ്രായപരിധി നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറും.

ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന ഈ നിയമം, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഈ പുതിയ ഡിജിറ്റൽ നിയന്ത്രണം രണ്ട് ഘട്ടങ്ങളായാണ് രാജ്യത്ത് നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഒന്നാം ഘട്ടം (സെപ്റ്റംബർ 1 മുതൽ): 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തും. ഇതിനൊപ്പം തന്നെ സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള നിരോധനവും പുതിയ അധ്യയന വർഷാരംഭത്തോടെ പ്രാബല്യത്തിൽ വരും.

രണ്ടാം ഘട്ടം (2027 ജനുവരി മുതൽ): 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ നിലവിലുള്ള എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യും. ഇടത് പാർട്ടികളിൽ നിന്ന് ചില എതിർപ്പുകൾ ഉയർന്നിട്ടുണ്ടെങ്കിലും, പാർലമെന്റിന്റെ ഇരുസഭകളും (അപ്പർ, ലോവർ ഹൗസുകൾ) ബില്ലിന്റെ കരടുരൂപത്തിൽ ധാരണയിലെത്തിയതിനാൽ വോട്ടെടുപ്പ് തടസ്സമില്ലാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഓൺലൈൻ ലോകത്ത് നമ്മുടെ കുട്ടികളെ കൂടുതൽ സുരക്ഷിതരാക്കാൻ ഡിജിറ്റൽ പ്രായപരിധി നിശ്ചയിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി നാളെ ഫ്രാൻസ് മാറും’ ഫ്രഞ്ച് ഡിജിറ്റൽ കാര്യ മന്ത്രി ആൻ ലെ ഹെനാഫ് പറഞ്ഞു.