'ചിതറിക്കിടക്കുന്ന' നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല, കരാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ട്രംപ്

ഇറാനുമായുള്ള വിഷയത്തില്‍ തന്റെ മുന്നില്‍ ഇനി രണ്ട് വഴികള്‍ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി

 

ഇറാന്റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്റാന്‍ സമര്‍പ്പിച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഒരു കരാറിന് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാന്റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരമൊരു 'ചിതറിക്കിടക്കുന്ന' നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായുള്ള വിഷയത്തില്‍ തന്റെ മുന്നില്‍ ഇനി രണ്ട് വഴികള്‍ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നുകില്‍ ശക്തമായ സൈനിക നടപടിയിലൂടെ അവരെ എന്നെന്നേക്കുമായി തകര്‍ക്കുക, അല്ലെങ്കില്‍ ഒരു കരാറിലെത്തുക. ബോംബാക്രമണം പുനരാരംഭിക്കാന്‍ തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെങ്കിലും, യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്ന് സൈനിക നീക്കങ്ങള്‍ക്കുള്ള പുതിയ പ്ലാനുകള്‍ താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.