ജനകീയ പ്രതിഷേധത്തെ തുടർന്ന് പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയ മുൻ പ്രസിഡന്റിന് അഞ്ചു വർഷം തടവ്
സോൾ: കഴിഞ്ഞ ഏപ്രിലിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് കോടതി അഞ്ചു വർഷ തടവുശിക്ഷ വിധിച്ചു. 2024ൽ, അദ്ദേഹം കൊണ്ടുവന്ന വിവാദ പട്ടാള നിയമവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളടക്കം എട്ട് കേസുകൾ പരിഗണിച്ചാണ് കോടതി യോളിന് തടവ് വിധിച്ചത്.
2024 ഡിസംബറിലായിരുന്നു അദ്ദേഹം സൈന്യത്തിന് അധിക അധികാരം നൽകുന്ന നിയമം കൊണ്ടുവന്നത്. പ്രതിഷേധത്തെ തുടർന്ന് നിയമം പിൻവലിച്ചുവെങ്കിലും ഈ സംഭവം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ കലാശിച്ചു. ആദ്യം ഇംപീച്ച് ചെയ്യപ്പെടുകയും പിന്നീട് അറസ്റ്റിലാവുകയുമായിരുന്നു. തുടർന്ന് പദവിയിൽനിന്ന് പുറത്താക്കപ്പെടുകയുംചെയ്തു. താൻ ദീർഘകാലത്തേക്ക് രാജ്യത്തെ സൈനിക ഭരണത്തിലാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, നിലവിലെ നിയമത്തിന്റെ പരിമിതികൾ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രത്യേക സൈനിക നിയമം ആവിഷ്കരിച്ചതെന്നുമാണ് യോളിന്റെ വാദം. എന്നാൽ, രാജ്യത്ത് ബോധപൂർവം കലാപം സൃഷ്ടിക്കുന്നതിനാണ് മുൻ പ്രസിഡന്റ് ശ്രമിച്ചതെന്നും അദ്ദേഹത്തിന് വധശിക്ഷ നൽകണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.