ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ് അപകടം ; രക്ഷാ പ്രവർത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു,13 പേർക്ക് പരുക്ക്   

 

 ഫരീദാബാദിലെ സൂരജ്കുണ്ഡ് മേളയിൽ യന്ത്രഊഞ്ഞാൽ തകർന്നുണ്ടായ അപകടത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.ഹരിയാനയിലെ ഫരീദാബാദിൽ നടന്നുവരുന്ന സൂരജ്കുണ്ഡ് മേളയിൽ ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘സുനാമി ഊഞ്ഞാൽ്’എന്നറിയപ്പെടുന്ന യന്ത്ര ഊഞ്ഞാൽ തകർന്നു വീഴുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റ പോലീസ് ഇൻസ്‌പെക്ടർ ജഗദീഷ് പ്രസാദ് ആണ് മരിച്ചത്.
അപകടത്തിൽ സന്ദർശകരടക്കം 13 പേർക്ക് പരുക്കേറ്റു. റൈഡ് പെട്ടെന്ന് തകരുകയും ചരിഞ്ഞു വീഴുകയുമായിരുന്നു. പരുക്കേറ്റവരെ രക്ഷിക്കാൻ ഓടിയെത്തിയ ഇൻസ്‌പെക്ടർ ജഗദീഷ് പ്രസാദിന്റെ മുഖത്തും തലയിലും റൈഡിന്റെ ഭാഗം വന്ന് ഇടിച്ചതാണ് മരണകാരണം.

ഡെപ്യൂട്ടി കമ്മീഷണർ ആയുഷ് സിൻഹ, ടൂറിസം മാനേജിംഗ് ഡയറക്ടർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. റൈഡ് ഓപ്പറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ പ്രദേശം നിലവിൽ ബാരിക്കേഡ് കെട്ടി അടച്ചിരിക്കുകയാണ്. മേളയിൽ നേരത്തെ ശക്തമായ കാറ്റിൽ ഫുഡ് കോർട്ടിലെ ഒരു ഗേറ്റ് തകർന്നു വീണതായും റിപ്പോർട്ടുകളുണ്ട്.