മടക്കയാത്രക്ക്​ ‘വ്യാജ ടിക്കറ്റ്​’ ; ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങാനിരുന്ന മലയാളി സംഘം റിയാദ്​ വിമാനത്താവളത്തിൽ കുടുങ്ങിയത് 24 മണിക്കൂർ

ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങാനിരുന്ന മലയാളി സംഘം ട്രാവൽ ഏജൻസിയുടെ ചതിയെത്തുടർന്ന് റിയാദ് കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത് 24 മണിക്കൂർ.
 

 റിയാദ്: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങാനിരുന്ന മലയാളി സംഘം ട്രാവൽ ഏജൻസിയുടെ ചതിയെത്തുടർന്ന് റിയാദ് കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത് 24 മണിക്കൂർ. കൊണ്ടോട്ടി സ്വദേശികളായ 45 അംഗ സംഘമാണ് ഏജൻസിയുടെ അനാസ്ഥ മൂലം ദുരിതത്തിലായത്. പ്രായമായവരും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഒടുവിൽ റിയാദിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് നാട്ടിലേക്കുള്ള വഴി തുറന്നത്.

കൊണ്ടോട്ടിയിലെ ഒരു ട്രാവൽ ഏജൻസി വഴിയാണ് സംഘം ഉംറക്കെത്തിയത്. മദീന സന്ദർശനം പൂർത്തിയാക്കിയ സംഘത്തോട് മടക്കയാത്ര 1,200 കിലോമീറ്റർ അകലെയുള്ള റിയാദിൽ നിന്നാണെന്ന് ഏജൻസി അറിയിക്കുകയായിരുന്നു. മദീനയിൽനിന്ന് റിയാദിലേക്ക് ബസ് മാർഗമാണ് ഇവരെ എത്തിച്ചത്. എന്നാൽ ഇതിനിടെ മദീനയിൽ വെച്ച് നേരിട്ട ദുരിതങ്ങൾ ഏറെയായിരുന്നു. മദീനയിൽ രണ്ടു മുറികളിലായി 45 പേരെ തിങ്ങിനിറച്ചാണ് താമസിപ്പിച്ചത്. ഒരു മുറിയിൽ മാത്രം 23 പേർ കഴിയേണ്ടി വന്നു.

മടക്കയാത്രയിലെ അനിശ്ചിതത്വം ഭയന്ന് ഏഴ്​ പേർ സ്വന്തം ചെലവിൽ മദീനയിൽനിന്ന് തന്നെ നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ള 38 പേരെയാണ്​ ബസ് മാർഗം റിയാദിലെത്തിച്ചത്. ഏജൻസിയു​ടെ പ്രതിനിധിയായ സംഘത്തി​ന്റെ അമീറും ഇവരോടൊപ്പം റിയാദിലെത്തി. റിയാദിൽനിന്ന് മുംബൈ വഴിയുള്ള കണക്ഷൻ വിമാനത്തിലാണ് ടിക്കറ്റ് നൽകിയിരുന്നത്. ബോർഡിങ് പാസിനായി ക്യൂ നിൽക്കുമ്പോഴാണ് സംഘത്തിലെ ഏഴുപേരുടെ കൈവശമുള്ളത് ‘ഡമ്മി ടിക്കറ്റ്’ ആണെന്ന വിവരം അധികൃതർ അറിയിക്കുന്നത്.

ഇതോടെ ഇവരുടെ യാത്ര മുടങ്ങി. സംഘത്തിലുണ്ടായിരുന്ന ഒരു കൊച്ചു കുട്ടിയുടെ ടിക്കറ്റ് ഡമ്മിയായതോടെ, ലഗേജ് വിമാനത്തിനുള്ളിൽ കയറ്റിയ മാതാപിതാക്കളും ബന്ധുക്കളും യാത്ര റദ്ദാക്കി കുഞ്ഞിനൊപ്പം വിമാനത്താവളത്തിൽ നിലയുറപ്പിച്ചു. ഇതോടെ ആകെ 12 പേർ പുറത്തായി. ബാക്കി 26 പേർ മുംബൈയിലേക്ക് തിരിച്ചു. എന്നാൽ മുംബൈയിൽ എത്തിയവരും കണക്ഷൻ വിമാനം കിട്ടാതെ അവിടെ കുടുങ്ങുകയായിരുന്നത്രെ.

മണിക്കൂറുകളോളം വിമാനത്താവളത്തിൽ കഴിഞ്ഞ വയോധികരും സ്ത്രീകളും അടങ്ങുന്ന സംഘത്തെ സഹായിക്കാൻ കൂടെയുണ്ടായിരുന്ന അമീറോ ഏജൻസിയോ തയാറായില്ല. വിവരമറിഞ്ഞ് ബത്​ഹയിലുള്ള ​ഫ്ലൈഹട്ട്​ നട്ട്​ഹട്ട്​ ഗ്രൂപ്പിലെ റംഷി ബാവുട്ടി പരപ്പനങ്ങാടി, അജ്മൽ പുതിയങ്ങാടി എന്നിവർ വിമാനത്താവളത്തിലെത്തി. നാട്ടിലെ ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും ആദ്യം സഹകരിക്കാൻ തയാറായില്ല.

ഒടുവിൽ സൗദി പൊലീസിലും ‘നുസുക്’ പ്ലാറ്റ്‌ഫോമിലും പരാതി നൽകുമെന്നും മാധ്യമങ്ങളെ വിവരം അറിയിക്കുമെന്നും മുന്നറിയിപ്പ് നൽകിയതോടെ ഏജൻസി വഴങ്ങി. കുടുങ്ങിയവർക്ക് റിയാദ് ഖുറൈസിലെ ഹോട്ടലിൽ താമസ സൗകര്യവും നാട്ടിലേക്കുള്ള പുതിയ ടിക്കറ്റും ഏജൻസി ഉറപ്പാക്കി. കുറഞ്ഞ നിരക്കിലുള്ള പാക്കേജുകൾ തെരഞ്ഞെടുക്കുമ്പോൾ ഏജൻസികളുടെ വിശ്വാസ്യതയും ടിക്കറ്റുകളുടെ കൃത്യതയും തീർഥാടകർ ഉറപ്പു വരുത്തണം. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത വേണം -റംഷിയും അജ്മലും ഓർമപ്പെടുത്തുന്നു.