'സംഭവ ബഹുലമായ സായാഹ്നം, ഷോ മസ്റ്റ് ഗോ ഓണ്‍' ; വെടിവയ്പ്പില്‍ പ്രതികരണവുമായി ട്രംപ്

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു

 

സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു

താന്‍ പങ്കെടുത്ത പരിപാടിയില്‍ വെടിവെപ്പ് നടന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. 'ഷോ തുടരട്ടെ' എന്ന് താന്‍ നിര്‍ദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.


ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നതിങ്ങനെ: 'ഡിസിയില്‍ ഇതൊരു സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പൊലീസും നിയമപാലകരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. അവര്‍ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്. 'ഷോ തുടരട്ടെ' എന്ന് ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എങ്കിലും പൂര്‍ണ്ണമായും നിയമപാലകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും തീരുമാനങ്ങള്‍. അവര്‍ ഉടന്‍ തന്നെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ വൈകുന്നേരം പ്ലാന്‍ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കല്‍ കൂടി ചെയ്യേണ്ടി വരും'- വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത് കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റില്‍ തുടര്‍ നടപടികള്‍ വിശദീകരിച്ചു.

പ്രോട്ടോക്കോള്‍ അനുസരിച്ച് പരിസരം വിട്ടുപോകാന്‍ നിയമപാലകര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പിന്നാലെ വ്യക്തമാക്കി. 30 മിനിറ്റിനുള്ളില്‍ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമില്‍ നിന്ന് താന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും ട്രംപ് പറഞ്ഞു. പ്രഥമ വനിതയും വൈസ് പ്രസിഡന്റും എല്ലാ കാബിനറ്റ് അംഗങ്ങളും പൂര്‍ണ്ണ ആരോഗ്യവാന്മാരാണ്. ഇന്ന് നടത്താനിരുന്ന പരിപാടി 30 ദിവസത്തിനുള്ളില്‍ തന്നെ സംഘടിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക വിരുന്നിനിടെ ആണ് വെടിവെപ്പ് ഉണ്ടായത്. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും സെലിബ്രിറ്റികളും ഭരണകര്‍ത്താക്കളും പങ്കെടുത്ത ചടങ്ങിലുണ്ടായ അപ്രതീക്ഷിത ആക്രമണം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.