സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇറാൻ വ്യോമപാത അടച്ചു ; ഗൾഫിലേക്കും യൂറോപ്പിലേക്കും യാത്രാദൈർഘ്യം കൂടും
തെഹ്റാൻ: യു.എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകളിൽ മാറ്റം വരുത്താൻ നിർബന്ധിതരായി. ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ പറത്തേണ്ടി വരുന്നത് യാത്രയുടെ ദൈർഘ്യം വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനങ്ങൾ ഇനി കൂടുതൽ ദൂരം സഞ്ചരിക്കേണ്ട സാഹചര്യവുമുണ്ട്.
കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് വർദ്ധിപ്പിക്കും. ഇത് വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായേക്കാം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ തീരുമാനം സ്വീകരിച്ചത്. സംഘർഷ മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാൻ അന്താരാഷ്ട്ര വ്യോമയാന ഏജൻസികളും നിർദേശം നൽകിയിട്ടുണ്ട്.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു. നിലവിൽ ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം അന്താരാഷ്ട്ര വിമാന സർവീസുകളെ വരും ദിവസങ്ങളിലും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.