ഇംഗ്ലണ്ടിൽ നടന്ന ഇസ്‌ലാമിക സമ്മേളനത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട  12 പേർ പിടിയിൽ

 

 ലണ്ടൻ: കിഴക്കൻ ഇംഗ്ലണ്ടിൽ നടന്ന ഇസ്‌ലാമിക സമ്മേളനത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് 12 പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. തീവ്ര വലതുപക്ഷ ബന്ധമുള്ളവരാണ് പിടിയിലായവരെന്ന് അധികൃതർ വ്യക്തമാക്കി. ഞായർ, തിങ്കൾ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. 27-82നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായവർ. ഇതിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു.

സഫോക്കിൽ നടന്ന ‘ഇജ്തിമ’ ഫെസ്റ്റിവലിന് നേരെ ഗൗരവതരമായ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് പൊലീസ് നടപടി. തുടർന്ന്, പൊലീസിന്റെ നിർദ്ദേശപ്രകാരം 15,000ത്തോളം പേർ പങ്കെടുത്ത സമ്മേളനം നേരത്തെ അവസാനിപ്പിച്ചു.

പിടിയിലായ 11 പുരുഷന്മാരിൽ എട്ടുപേരെ ഭീകരവാദക്കുറ്റം ചുമത്തിയും മൂന്നുപേരെ കൊലപാതക ഗൂഢാലോചനക്കേസിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീയെ കുറ്റവാളിയെ സഹായിച്ചു എന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്.ആരെയും ഇതുവരെ ഔദ്യോഗികമായി കുറ്റപത്രം നൽകി വിചാരണക്ക് വിധേയമാക്കിയിട്ടില്ല.