എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് അര്‍ഹനാണ് ; വീണ്ടും അവകാശവാദവുമായി ട്രംപ്

ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടാകില്ല''- ബുധനാഴ്ച വാഷിങ്ടണില്‍ തിരിച്ചെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 


''മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഞാന്‍ വീമ്പു പറയുകയല്ല. വസ്തുതകള്‍ മാത്രമാണ് പറയുന്നത്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് യുഎസ് പ്രസിഡന്റ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. എട്ടുയുദ്ധങ്ങള്‍ അവസാനിപ്പിച്ചതാണ് തന്റെ നേട്ടമെന്നാണ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചത്. മറ്റൊരു നേട്ടം കൂടി ഉടനുണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.


''മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഞാന്‍ വീമ്പു പറയുകയല്ല. വസ്തുതകള്‍ മാത്രമാണ് പറയുന്നത്. എട്ട് യുദ്ധങ്ങളാണ് ഞാന്‍ അവസാനിപ്പിച്ചത്. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടാകില്ല''- ബുധനാഴ്ച വാഷിങ്ടണില്‍ തിരിച്ചെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് നേരത്തേയും പലതവണ പറഞ്ഞിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍, ഇസ്രയേല്‍-ഇറാന്‍, കംബോഡിയ-തായ്ലാന്‍ഡ്, സെര്‍ബിയ-കൊസോവോ, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഇടപെട്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍, പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ യുഎസ് വാദങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. ഒരു മൂന്നാംകക്ഷിയുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.