കാലിഫോര്‍ണിയിയലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു ; സഹായവുമായി കാനഡയും മെക്‌സിക്കോയും

12300 കെട്ടിടങ്ങള്‍ നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

 

ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയിയലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ലോസ് ആഞ്ചലസിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇത് വരെ 24 മരണമാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകള്‍ നശിച്ചു.12300 കെട്ടിടങ്ങള്‍ നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.


ചൊവ്വാഴ്ച ഏറ്റവും അപകടം നിറഞ്ഞ ദിവസമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുന്നത്. ഇതിനൊപ്പം കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും കാട്ടു തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങില്‍ അഹോരാത്രം അമേരിക്കയ്‌ക്കൊപ്പമുണ്ട്.

ഹെലികോപ്ടര്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് നിലവില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. പസഫിക് സമുദ്രത്തില്‍ നിന്നുമാണ് ജലം എത്തിക്കുന്നത്. ബ്രന്റ്വുഡ്, ലോസാഞ്ചലസിലെ മറ്റ് ജനവാസ മേഖലയിലേക്കും കാട്ടുതീ പടരുന്നത് അതീവ ആശങ്കയോടെയാണ് അധികൃതര്‍ നിരീക്ഷിക്കുന്നത്. അതേസമയം ലോസാഞ്ചലസിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. കാട്ടുതീ ബാധിച്ച മേഖലയിലെ ഏഴ് സ്‌കൂളുകള്‍ക്ക് മാത്രമാണ് നിലവില്‍ അവധിയുള്ളത്. മേഖലയിലെ നഷ്ടം 150 ബില്യണ്‍ ഡോളറിലേറെയെന്നാണ് പ്രാഥമിക സൂചനകള്‍.