എഡിൻബ‍ർഗിൽ കൂറ്റൻ പ്രതിമ തനിച്ചെത്തി മോഷ്ടിച്ച് യുവാവ്

 

ക്രിസ്തുമസിനെ വരവറിയിച്ച് അലങ്കരിച്ച് വച്ചിരുന്ന കൂറ്റൻ പ്രതിമ തനിച്ചെത്തി മോഷ്ടിച്ച് യുവാവ്. സ്കോട്ട്ലാൻഡിന്റെ തലസ്ഥാനമായ എഡിൻബ‍ർഗിലാണ് സംഭവം. എഡിൻബ‍ർഗിലെ ഒരു കോക്ടെയിൽ ബാറിന് പുറത്തായി സ്ഥാപിച്ചിരുന്ന എട്ട് അടി ഉയരമുള്ള പ്രതിമായാണ് ഇലക്ട്രിക് ബൈക്കിലെത്തിയ യുവാവ് മോഷ്ടിച്ചത്. 

ബൈക്കിലെത്തിയ യുവാവ് പ്രതിമ എടുത്തുകൊണ്ട് പോവുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുമുണ്ട്. ഹുഡും മാസ്കും ധരിച്ചെത്തിയാണ് മോഷണം. 900 പൗണ്ട്(ഏകദേശം 1,06,249 രൂപ) വിലവരുന്ന നട്ട്ക്രാക്കർ പട്ടാളക്കാരന്റെ പ്രതിമയാണ് യുവാവ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് മോഷണം നടന്നത്. ഈ പരിസരത്ത് കൂടി ആളുകൾ നടന്ന് പോവുന്നതിനിടയിലാണ് മോഷണമെന്നതാണ് ശ്രദ്ധേയമായിട്ടുള്ള കാര്യം. എഡിൻബർഗിലെ ജോർജ്ജ് സ്ട്രീറ്റിന്റെയും നോർത്ത് കാസിൽ സ്ട്രീറ്റിന്റെയും അവസാന ഭാഗത്തുള്ള കോപ്പർ ബ്ലോസം എന്ന കോക്ടെയിൽ ബാറിന്റെ മുന്നിലാണ് മോഷണം നടന്നിട്ടുള്ളത്.