ഗർഭിണിയായ ഫലസ്തീൻ യുവതിയെ നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്
ആംസ്റ്റർഡാം: ഗർഭിണിയായ ഫലസ്തീൻ യുവതിയെ നിലത്തെറിഞ്ഞ് അക്രമം അഴിച്ചുവിട്ട് ഡച്ച് പൊലീസ്. നെതർലാൻഡ്‌സിലെ അഭയാർഥി ക്യാമ്പിൽവെച്ച് ഫലസ്തീൻ യുവാവിനെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് അയാളുടെ ഭാര്യയോട് പൊലീസ് ഈ ക്രൂരത കാട്ടിയത്. മേയ് 19ന് നെതർലാൻഡ് സെയ്‌സ്റ്റിലുള്ള കാംവെഡ് അഭയാർഥി കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതിനുപിന്നാലെ പൊലീസിന്റെ വംശീയവും അക്രമാസക്തവുമായ പെരുമാറ്റത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും ജനങ്ങളും രംഗത്തെത്തി.
ഗസ്സയിൽനിന്നുള്ള അഭയാർഥിയായ വിസാം മിഖ്ദാദ് എന്ന യുവാവിനെ പൊലീസ് കൈകൾ പിന്നിൽ കെട്ടി മുട്ടുകുത്തിച്ചു നിർത്തിയിരിക്കുന്നത് വിഡിയോയിൽ കാണാം. ഭർത്താവിനോട് സംസാരിക്കാൻ ശ്രമിച്ച ഗർഭിണിയായ ഭാര്യയെ, പൊലീസ് നായയുമായി എത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ പെട്ടെന്ന് ബലം പ്രയോഗിച്ച് വലിച്ച് ദൂരേക്ക് എറിയുകയും ക്രൂരമായി നിലത്തടിക്കുന്നും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, പൊലീസിന്റെ കടുത്ത നടപടിയെ ന്യായീകരിച്ചാണ് ഡച്ച് അധികൃതർ രംഗത്തെത്തിയത്. അഭയാർഥി ക്യാമ്പിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തലും പൊതുമുതൽ നശിപ്പിക്കലും നടന്നെന്ന പരാതിയിലാണ് എത്തിയതെന്നും, സുരക്ഷ മുൻനിർത്തിയാണ് വേഗത്തിൽ നടപടിയെടുത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഈ വാദങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ക്രൂരമായ അക്രമത്തിനുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഏഴു ദിവസങ്ങൾക്ക് ശേഷം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അകാല പ്രസവമായിരുന്നെങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് വിസാം മിഖ്ദാദ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.