കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ ബോധവൽക്കരണ കാമ്പയിനുമായി ദുബൈ പോലീസ്; നിയമലംഘനത്തിന് കനത്ത പിഴ
നിരത്തുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി നഗരവ്യാപക ബോധവൽക്കരണ കാമ്പയിനുമായി ദുബൈ പോലീസ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് സ്റ്റേഷൻസും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും സഹകരിച്ചാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്
Oct 24, 2026, 13:57 IST
ദുബൈ: നിരത്തുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി നഗരവ്യാപക ബോധവൽക്കരണ കാമ്പയിനുമായി ദുബൈ പോലീസ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് സ്റ്റേഷൻസും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും സഹകരിച്ചാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാൽനടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഗതാഗത നിയന്ത്രണങ്ങൾ, നിയുക്ത ക്രോസിങ് പോയിന്റുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സീബ്ര ക്രോസിങ്ങുകൾ അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കും ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നവർക്കും 400 ദിർഹം (ഏകദേശം 9,000-ത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബൈയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലാണ് പ്രചാരണം നടക്കുന്നത്.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്ന സംസ്കാരം വളർത്തുoന്നതിനുമുള്ള ദുബൈ പോലീസിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ മജീദ് സുൽത്താൻ അൽ സുവൈദി വ്യക്തമാക്കി. നിശ്ചിത ക്രോസിങ്ങുകൾ ഉപയോഗിക്കുന്നതും റോഡ് മുറിച്ചുകടക്കുമ്പോൾ ജാഗ്രത പാലിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാനും ജീവൻ സംരക്ഷിക്കാനും അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.