അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 1.42 ലക്ഷം കോടി രൂപയുടെ പുതിയ കരാറുകൾ പ്രഖ്യാപിച്ച് ദുബൈ

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 56.5 ബില്യൺ ദിർഹത്തിന്റെ (ഏകദേശം 1.42 ലക്ഷം കോടി ഇന്ത്യൻ രൂപ) പുതിയ കരാറുകൾ പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വ്യാഴാഴ്ച പുതിയ കരാറുകൾ പ്രഖ്യാപിച്ചത്. ഇതോടെ പദ്ധതിക്കായി ഇതുവരെ അനുവദിച്ച കരാറുകളുടെ ആകെ മൂല്യം 80 ബില്യൺ ദിർഹം കടന്നു.

 

ദുബൈ: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 56.5 ബില്യൺ ദിർഹത്തിന്റെ (ഏകദേശം 1.42 ലക്ഷം കോടി ഇന്ത്യൻ രൂപ) പുതിയ കരാറുകൾ പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വ്യാഴാഴ്ച പുതിയ കരാറുകൾ പ്രഖ്യാപിച്ചത്. ഇതോടെ പദ്ധതിക്കായി ഇതുവരെ അനുവദിച്ച കരാറുകളുടെ ആകെ മൂല്യം 80 ബില്യൺ ദിർഹം കടന്നു.

ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ വിമാനത്താവളമായി അൽ മക്തൂം എയർപോർട്ടിനെ മാറ്റുന്നതിന്റെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. വികസനം പൂർണ്ണമാകുന്നതോടെ പ്രതിവർഷം 260 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് സാധിക്കും. നിലവിൽ 14,000 പേരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

ഭാവിയിൽ വർദ്ധിക്കുന്ന യാത്രക്കാരുടെ എണ്ണത്തെയും വ്യോമയാന ആവശ്യങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വികസന പദ്ധതിയുടെ ഭാഗമായി അഞ്ച് സമാന്തര റൺവേകൾ, രണ്ട് യാത്രാ ടെർമിനലുകൾ, ഏഴ് കോൺകോഴ്‌സുകൾ, 430-ലധികം വിമാന പാർക്കിങ് സ്റ്റാൻഡുകൾ എന്നിവ നിർമ്മിക്കും. യാത്രക്കാർക്ക് ടെർമിനലുകൾക്കിടയിൽ വേഗത്തിൽ സഞ്ചരിക്കുന്നതിനായി ഓട്ടോമാറ്റിക് ട്രെയിൻ സംവിധാനവും, വിമാനത്താവളത്തെ റോഡ്-റെയിൽ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ 2032-ഓടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോള വ്യോമയാന മേഖലയിലെ പ്രധാന കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ വൻകിട നിക്ഷേപം സഹായിക്കും.