420 ഡ്രോണുകളും 39 മിസൈലുകളും ; യുക്രെയ്നിൽ വ്യാപക ആക്രമണം നടത്തി റഷ്യ
കിയവ്: ജനീവയിൽ യുക്രെയ്ൻ -യു.എസ് പ്രതിനിധികൾ ചർച്ച നടത്താനിരിക്കെ യുക്രെയ്നിൽ വ്യാപക ആക്രമണം നടത്തി റഷ്യ. 420 ഡ്രോണുകളും 39 മിസൈലുകളും ഉപയോഗിച്ച് കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം രാത്രി നടത്തിയത്.
പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരുടെ താമസ കേന്ദ്രങ്ങളെയും ആക്രമിച്ചതായും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവർ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വ്യാഴാഴ്ച യുക്രെയ്ൻ പ്രതിനിധികളുമായി ചർച്ച നടത്തി. ദേശീയ സുരക്ഷ, പ്രതിരോധ കൗൺസിൽ മേധാവി റുസ്തം ഉമറോവ് ആണ് യുക്രെയ്നെ പ്രതിനിധീകരിക്കുന്നത്.