ഡൊണാൾഡ് ട്രംപിന്റെ നയം തിരിച്ചടിയായി ; കേരളത്തിൽ റെക്കാഡ് വിലയിൽ സ്വർണം

യുഎസ് പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയത്തിന്റെ സ്വാധീനത്തിൽ റെക്കാഡ് വിലയിൽ സ്വർണം. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവിലയാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തുന്നത്.

 

തിരുവനന്തപുരം: യുഎസ് പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയത്തിന്റെ സ്വാധീനത്തിൽ റെക്കാഡ് വിലയിൽ സ്വർണം. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവിലയാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തുന്നത്. പവന് ഇന്ന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയാണ്. ആഭരണമായി വാങ്ങുന്നതിന് ഇപ്പോഴത്തെ വിലയിൽ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവൻ വില 73,000 രൂപയ്ക്ക് പുറത്താവുമെന്നാണ് കണക്കുകൂട്ടൽ.

കേരളത്തിൽ കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ 3000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പവൻ വിലയിൽ 10,880 രൂപയുടെ വർദ്ധനവും ഉണ്ടായി. ഒരു വർഷത്തിനിടെ കേരളത്തിൽ പവൻ വിലയിൽ 17,200 രൂപയുടെ വർദ്ധനയാണുണ്ടായത്. വെള്ളിവിലയും ഉയർന്നു, ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നത്തെ വിപണിവില 110 രൂപയാണ്.

ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇതാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചുയരാൻ കാരണമാകുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവ് കൂട്ടുന്നു, ഡോളറിന് പകരമായി വിദേശ നാണയ ശേഖരത്തിൽ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം ഉയർത്തുന്നു എന്നിവയും സ്വർണവില കൂടുന്നതിനുള്ള മറ്റ് കാരണങ്ങളാണ്.