ഹോർമുസ് കടലിടുക്കിൽ ‘ഡിജിറ്റൽ ടോൾ’; കടലിനടിയിലൂടെയുള്ള കേബിളുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ

ആഗോളതലത്തിൽ എണ്ണവ്യാപാരത്തിന്റെ തന്ത്രപ്രധാനമായ പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കേബിളുകൾക്ക് ട്രാൻസിറ്റ് ഫീസ്  ഈടാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുവഴി വലിയൊരു വരുമാന സ്രോതസ് കണ്ടെത്താനും ഒപ്പം വിദേശ ശത്രുക്കൾക്കെതിരെ ആഗോള ഡിജിറ്റൽ രംഗത്ത് കൂടുതൽ സ്വാധീനം ഉറപ്പിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്.
 


ടെഹ്‌റാൻ : ആഗോളതലത്തിൽ എണ്ണവ്യാപാരത്തിന്റെ തന്ത്രപ്രധാനമായ പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കേബിളുകൾക്ക് ട്രാൻസിറ്റ് ഫീസ്  ഈടാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുവഴി വലിയൊരു വരുമാന സ്രോതസ് കണ്ടെത്താനും ഒപ്പം വിദേശ ശത്രുക്കൾക്കെതിരെ ആഗോള ഡിജിറ്റൽ രംഗത്ത് കൂടുതൽ സ്വാധീനം ഉറപ്പിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്.

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസി യാണ് ഈ വിവരം പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ ഇന്റർനെറ്റ് കേബിളുകൾ സ്ഥാപിച്ചിട്ടുള്ള കമ്പനികളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനാണ് ഇറാന്റെ പദ്ധതി. ഇതോടെ ഗൂഗിൾ, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ബിഗ് ടെക് കമ്പനികൾക്ക് ഇറാന്റെ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കേണ്ടി വരും. ഇന്റർനെറ്റ് കേബിളുകൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഗാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ നിലവിൽ ഏഴോളം പ്രധാന അന്തർവാഹിനി കേബിൾ പാതകളാണ് കടന്നുപോകുന്നത്. ഇതിൽ ഭൂരിഭാഗവും ഒമാന്റെ അതിർത്തി കടലുകളോട് ചേർന്നാണെങ്കിലും ഫാൾക്കൺ, ഗൾഫ് ബ്രിഡ്ജ് ഇന്റർനാഷണൽ, ഗൾഫ്-ടിജിഎൻ തുടങ്ങിയ കേബിൾ ശൃംഖലകൾ ഇറാന്റെ അധീനതയിലുള്ള കടൽ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഈ കേബിളുകളാണ്.

ഈ കേബിളുകൾക്ക് ടോൾ ഏർപ്പെടുത്തുന്നതിലൂടെ ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര ഡാറ്റകളിൽ കൂടുതൽ നിരീക്ഷണം നടത്താൻ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്റർനെറ്റ് സേവനങ്ങൾ, ക്ലൗഡ് ഓപ്പറേഷൻസ്, ആഗോള സാമ്പത്തിക ഇടപാടുകൾ, പ്രതിരോധ ആശയവിനിമയങ്ങൾ എന്നിവയ്ക്കെല്ലാം ഈ കേബിളുകൾ അത്യാവശ്യമാണ്. ഈ പാതയിലൂടെയുള്ള ഡാറ്റാ വിനിമയത്തെ സൂയസ് കനാൽ മാതൃകയിൽ ഒരു ഡിജിറ്റൽ ടോൾ സിസ്റ്റം ആക്കി മാറ്റാനാണ് ഇറാൻ ശ്രമിക്കുന്നത്.

കേബിളുകൾ തകർക്കുമെന്ന് ഇറാൻ നേരിട്ട് ഭീഷണി മുഴക്കിയിട്ടില്ലെങ്കിലും സൈനിക മുങ്ങൽ വിദഗ്ധർ, ചെറിയ അന്തർവാഹിനികൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് കേബിൾ ശൃംഖലകളെ തടസ്സപ്പെടുത്താൻ ഇറാന് ശേഷിയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2024ൽ യമനിലെ ഹൂതി വിമതർ കപ്പലിന്റെ ആങ്കർ (ലംഗർ) ഉപയോഗിച്ച് കടലിനടിയിലെ മൂന്ന് കേബിളുകൾ അറുത്തുമാറ്റിയിരുന്നു. ഇത് പ്രവിശ്യയിലെ ഇന്റർനെറ്റ് ട്രാഫിക്കിൽ 25 ശതമാനത്തോളം കുറവുണ്ടാക്കി. ആഗോള കപ്പൽ ഗതാഗതത്തിനും ആശയവിനിമയത്തിനുമുള്ള അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ സംരക്ഷണം ഉള്ളതിനാൽ ഇറാന്റെ ഈ നീക്കം വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചേക്കാം.