ഇസ്രയേലുമായി അഭിപ്രായ വ്യത്യാസം ; നാറ്റോ സഖ്യകക്ഷികളുടെ നിസഹരണം ; യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തില്‍ ട്രംപ്

സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ വിറ്റഴിക്കുന്നതിന് ഇറാന് മേല്‍ ചുമത്തിയ ഉപരോധത്തില്‍ ഇളവ് നല്‍കാന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതരായതും ഇതി മൂലമാണ്.

 

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് ട്രംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

 പശ്ചിമേഷ്യയില്‍ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. യുദ്ധം അതിവേഗം അവസാനിക്കുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങള്‍ക്കിടയിലും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാവുന്നതായാണ് പശ്ചിമേഷ്യയില്‍ നിന്ന് പുറത്തുവരുന്ന വിവരം. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് ട്രംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ വിറ്റഴിക്കുന്നതിന് ഇറാന് മേല്‍ ചുമത്തിയ ഉപരോധത്തില്‍ ഇളവ് നല്‍കാന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതരായതും ഇതി മൂലമാണ്.

ഹോര്‍മുസ് കടലിടുക്കില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തോട് നാറ്റോ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമുഖത കാട്ടിയത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇറാന്റെ നാവികസേനയെയും മിസൈല്‍ ശേഷിയെയും വലിയ തോതില്‍ തകര്‍ക്കാന്‍ സാധിച്ചതായി അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, യുഎസ്-യുകെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രായേല്‍ നടത്തിയ ചില ആക്രമണങ്ങളെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിവില്ലായിരുന്നുവെന്ന് ട്രംപ് പറയുമ്പോള്‍, അമേരിക്കയുമായി സഹകരിച്ചാണ് നീക്കങ്ങള്‍ എന്ന് ഇസ്രായേലും വാദിക്കുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അകല്‍ച്ച വ്യക്തമാക്കുന്നതാണ്.