ഭര്‍ത്താവ് മതം മാറാന്‍ നിര്‍ബന്ധിച്ചോ? എന്തുകൊണ്ട് മാറിയില്ല? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സ്

താന്‍ വളര്‍ന്നുവന്ന സാഹചര്യവും ഭര്‍ത്താവിന്റെ പശ്ചാത്തലവും തമ്മിലുള്ള വ്യത്യാസമാണ് ഇരുവരുടെയും ആത്മീയ ചിന്തകളിലെ വ്യത്യാസത്തിന് കാരണമെന്ന് ഉഷ വാന്‍സ് വ്യക്തമാക്കി.

 

താന്‍ വളര്‍ന്നുവന്ന സാഹചര്യവും ഭര്‍ത്താവിന്റെ പശ്ചാത്തലവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഒരിക്കലും മതം മാറണമെന്ന ചിന്ത വന്നിട്ടില്ലെന്നും ഉഷ പറഞ്ഞു.

താന്‍ എന്തുകൊണ്ട് മതംമാറിയില്ലെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സ്. ഹിന്ദു മത വിശ്വാസിയായ ഉഷ ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് ഭര്‍ത്താവ് ജെ ഡി വാന്‍സ് ആഗ്രഹിച്ചിരുന്നു എന്ന രീതിയില്‍ മാസങ്ങളായി ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഉഷയുടെ പ്രതികരണം. താന്‍ വളര്‍ന്നുവന്ന സാഹചര്യവും ഭര്‍ത്താവിന്റെ പശ്ചാത്തലവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഒരിക്കലും മതം മാറണമെന്ന ചിന്ത വന്നിട്ടില്ലെന്നും ഉഷ പറഞ്ഞു.


സിബിഎസ് സണ്‍ഡേ മോര്‍ണിംഗ് അഭിമുഖത്തിലാണ് തന്റെ മതവിശ്വാസത്തെക്കുറിച്ചും ജെ ഡി വാന്‍സിന് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് മാറ്റാന്‍ താല്പര്യമുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും ഉഷ വാന്‍സ് മനസ്സ് തുറന്നത്. ജെ ഡി വാന്‍സ് തന്നെ മതം മാറ്റാന്‍ ആഗ്രഹിച്ചിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നുവെന്ന് ഉഷ വാന്‍സ് പറഞ്ഞു. അദ്ദേഹം ക്രിസ്തുമത വിശ്വാസി ആയതു കൊണ്ടാവും ആളുകള്‍ അങ്ങനെ തെറ്റിദ്ധരിച്ചത്. സ്വന്തം മതം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിനര്‍ത്ഥം അദ്ദേഹം എല്ലാ ദിവസവും തന്റെ അടുത്തുവന്ന് മതം മാറാന്‍ ആവശ്യപ്പെടാറുണ്ട് എന്നല്ലെന്നും ഉഷ വ്യക്തമാക്കി.

ജെ ഡി വാന്‍സിന്റെ 'കമ്മ്യൂണിയന്‍: ഫൈന്‍ഡിങ് മൈ വേ ബാക്ക് ടു ഫെയ്ത്ത്' എന്ന പുസ്തകം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഭാര്യയുടെ ഈ പ്രതികരണം. ജെ ഡി വാന്‍സ് ക്രിസ്തുമത വിശ്വാസത്തിലേക്ക് എത്തിയതിനെക്കുറിച്ചും മതം അദ്ദേഹത്തിന്റെ രാഷ്ട്രീയ - വ്യക്തി ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെ കുറിച്ചും ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. താന്‍ വളര്‍ന്നുവന്ന സാഹചര്യവും ഭര്‍ത്താവിന്റെ പശ്ചാത്തലവും തമ്മിലുള്ള വ്യത്യാസമാണ് ഇരുവരുടെയും ആത്മീയ ചിന്തകളിലെ വ്യത്യാസത്തിന് കാരണമെന്ന് ഉഷ വാന്‍സ് വ്യക്തമാക്കി.

തെക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഇന്ത്യന്‍ കുടിയേറ്റ കുടുംബത്തില്‍ തികച്ചും സമാധാനപരവും സുരക്ഷിതവുമായ സാഹചര്യത്തിലാണ് താന്‍ വളര്‍ന്നതെന്ന് ഉഷ പറഞ്ഞു. അതുകൊണ്ടുതന്നെ നിലവിലുള്ള മതത്തില്‍ നിന്നും മാറ്റം തേടേണ്ട ഒരു ആവശ്യം തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് ഉഷ വാന്‍സ്  വ്യക്തമാക്കി. അതേസമയം തന്റെ കുട്ടിക്കാലം ഏറെ പ്രക്ഷുബ്ധമായിരുന്നുവെന്ന് ജെ ഡി വാന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും കൂടെ മാറിമാറി താമസിക്കേണ്ടി വന്ന തന്റെ കുട്ടിക്കാലം അസ്ഥിരവും ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതുമായിരുന്നുവെന്ന് വാന്‍സ് പറഞ്ഞു. അതുകൊണ്ടുതന്നെ ജീവിതത്തില്‍ സുരക്ഷിതത്വം കണ്ടെത്താനാണ് താന്‍ ആഗ്രഹിച്ചതെന്നും അതിന് മതം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.