യു.എസിൽ 19കാരിക്ക് ഡിമൻഷ്യ സ്ഥിരീകരിച്ചു

 

വാഷിങ്ടൺ : ഒരാളുടെ സംസാരത്തെയും ചിന്താശേഷിയെയും ജീവിതത്തെ തന്നെയും ബാധിക്കുന്ന അവസ്ഥയാണ് ഡിമൻഷ്യ. കൂടുതലായും പ്രായമായവരെയാണ് ഡിമൻഷ്യ അഥവാ മേധക്ഷയം ബാധിക്കുന്നത്. എന്നാൽ അപൂർവമായി കൗമാരക്കാരിലും ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അടുത്തിടെയാണ് യു.എസിലെ 19കാരിക്ക് ഡിമൻഷ്യ ബാധിച്ചതായി കണ്ടെത്തിയത്.

2020 ജൂണിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ഗിയന്ന കാബോസ്. ​​കോവിഡ് മുക്തയായപ്പോൾ ആരോഗ്യനിലയിൽ വളരെയേറെ മാറ്റങ്ങൾ വന്നു. അതെല്ലാം കോവിഡ് മൂലമുണ്ടായ ബ്രെയിൻ ഫോഗ് ആണെന്നാണ് ആദ്യം കരുതിയത്. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കൽ അവസ്ഥയാണ് ബ്രെയിൻ ഫോഗ്. ഇത് നമ്മുടെ കൊഗ്നിറ്റീവ് കഴിവുകളെ തടസപ്പെടുത്തും. മാനസികമായ ക്ഷീണം, ആശയക്കുഴപ്പം എന്നിവയൊക്കെയാണ് ഉണ്ടാവുക ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഏകാഗ്രത, ഓർമപ്രശ്നങ്ങൾ, വ്യക്തമല്ലാത്ത ചിന്തകൾ എന്നിവയ്ക്കും ബ്രെയിൻ ഫോഗ് ഇടയാക്കും.

എന്നാൽ കാബോസ് പഠനത്തിൽ പിന്നാക്കം പോയതോടെ കാര്യങ്ങളുടെ കിടപ്പ് ശരിയല്ലെന്ന് അവളുടെ അമ്മ റെബേക്ക റോബർട്സണ് മനസിലായി. വൈകാതെ കുട്ടിയുടെ ഓർമ നഷ്ടമായി. ഒരു പാത്രത്തിന്റെ അടപ്പ് തുറക്കുന്നതടക്കമുള്ള ചെറിയ ജോലികൾ പോലും ചെയ്യാൻ കഴിയാതായി. ഗൃഹപാഠങ്ങൾ ചെയ്യുന്നത് നിന്നു. വീട്ടിലെത്തിയാലുടൻ ഉറക്കത്തിലേക്ക് വീഴും.

അങ്ങനെയാണ് റെബേക്ക മകളെ ന്യൂറോളജിസ്റ്റിനെ കാണിക്കുന്നത്. ഒരുപാട് പരിശോധനകൾക്ക് ശേഷം ഡോക്ടർ ഡിമൻഷ്യ സ്ഥിരീകരിക്കുകയായിരുന്നു. 2019ലുണ്ടായ ഒരു കാറപകടത്തിൽ കാബോക്ക് പരിക്കേറ്റിരുന്നു. ഇപ്പോൾ 20ലേക്ക് കടക്കുന്ന കാബോക്ക് തന്റെ കുട്ടിക്കാലത്തെ കാര്യങ്ങൾ പോലും ഓർത്തെടുക്കാനാവുന്നില്ല. ഡിമൻഷ്യ പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാവില്ല. ധ്യനവും തെറാപ്പിയും ഉപയോഗിച്ച് ചിലമാറ്റങ്ങൾ വരുത്താം എന്നു മാ​ത്രം.