റഷ്യയിലെ ലാബില്‍ യുവഗവേഷകയുടെ മരണം: ന്യൂമോണിക് പ്ലേഗ് മരണകാരണം? അതിവേഗം പടരാന്‍ സാധ്യതയെന്ന് അമേരിക്ക

മരിച്ച ഗവേഷകയ്ക്ക് ശ്വാസകോശത്തില്‍ നീര്‍വീക്കവും ന്യൂമോണിയയും ബാധിച്ചെന്നാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സിയായ 'റോസ്‌പോട്രെബ്‌നാഡ്‌സോര്‍' പുറത്തുവിട്ടത്.

 
സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ചു.

റഷ്യയിലെ സൈബീരിയയിലുള്ള ഇര്‍കുട്‌സ്‌ക് പ്ലേഗ് ഗവേഷണ കേന്ദ്രത്തിലെ 28-കാരിയായ ശാസ്ത്രജ്ഞ ദാര്യ ഷിപിലോവ മരണപ്പെട്ട സംഭവത്തില്‍ നിഗൂഢത തുടരുന്നു. ഗവേഷകയുടെ മരണം ന്യൂമോണിക് പ്ലേഗ് ബാധിച്ചാണെന്ന സംശയത്തെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ചു.

മരിച്ച ഗവേഷകയ്ക്ക് ശ്വാസകോശത്തില്‍ നീര്‍വീക്കവും ന്യൂമോണിയയും ബാധിച്ചെന്നാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സിയായ 'റോസ്‌പോട്രെബ്‌നാഡ്‌സോര്‍' പുറത്തുവിട്ടത്. എന്നാല്‍ ലാബില്‍ നടന്ന പരീക്ഷണത്തിലെ പിഴവിനെ തുടര്‍ന്ന് പ്ലേഗ് ബാക്ടീരിയ ശരീരത്തിനുള്ളില്‍ കടന്നാണ് മരണം സംഭവിച്ചതെന്നാണ് റഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗവേഷണ കേന്ദ്രവും ഇവര്‍ ചികിത്സയിലായിരുന്ന ആശുപത്രിയും ഉള്‍പ്പെടെ പൂട്ടിയിടുകയും ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യ വിഷയത്തില്‍ സുതാര്യമായി വിവരങ്ങള്‍ പുറത്തുവിടണമെന്ന് മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. പ്ലേഗ് ബാധയാണ് മരണകാരണമെങ്കില്‍ അത് അതിവേഗം പടരാന്‍ സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ആഗോളതലത്തിലോ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലോ ആരോഗ്യ ഭീഷണി വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.