ന്യൂസിലാന്‍ഡില്‍ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു
അടുത്ത 24 മണിക്കൂര്‍ കൂടി നോര്‍ത്ത് ഐലന്‍ഡില്‍ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം.
തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ചാതം ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസിലാന്‍ഡില്‍ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കരുതല്‍ നടപടിയായി തീരപ്രദേശങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അടുത്ത 24 മണിക്കൂര്‍ കൂടി നോര്‍ത്ത് ഐലന്‍ഡില്‍ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ചാതം ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലില്‍ 13 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ 'മെറ്റ്സര്‍വീസ്' മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് ഐലന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മറ്റും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വക്കാറ്റാനെ ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചുരുങ്ങിയത് രണ്ട് ദിവസത്തേക്കെങ്കിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. 2023-ല്‍ ന്യൂസിലാന്‍ഡില്‍ വലിയ നാശം വിതച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാന്‍ പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു.