കുട്ടികൾക്കും കൗമാരക്കാർക്കുമുണ്ടായ ദോഷങ്ങൾ പരിഹരിക്കുന്നതിനായി മെറ്റയോട് 567 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി

 

 വാഷിങ്ടൺ: ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെയും കൗമാരക്കാരെയും പ്രതികൂലമായി ബാധിക്കുന്നത് സംബന്ധിച്ച കേസിൽ മെറ്റക്ക് കനത്ത തിരിച്ചടി. കുട്ടികൾക്കും കൗമാരക്കാർക്കുമുണ്ടായ ദോഷങ്ങൾ പരിഹരിക്കുന്നതിനായി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മാതൃകാ കമ്പനിയായ മെറ്റയോട് 567 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂ മെക്സിക്കോ കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾക്കായി വിപുലമായ സുരക്ഷാ മാറ്റങ്ങളും നടപ്പിലാക്കാൻ ന്യൂ മെക്സിക്കോ സ്റ്റേറ്റ് കോടതി ഉത്തരവിട്ടു. ആസക്തി ഉണർത്തുന്ന പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തതിലൂടെയും കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിലൂടെയും മെറ്റ പൊതുശല്യം സൃഷ്ടിച്ചതായി ജഡ്ജി ബ്രയാൻ ബീഡ്‌ഷീഡ് നിരീക്ഷിച്ചു.

പ്രായപൂർത്തിയാകാത്തവരുടെ മാനസികാരോഗ്യത്തെ പ്ലാറ്റ്‌ഫോം തകർത്തതായി കണ്ടെത്തിയതിനെത്തുടർന്ന്, യുവ ഉപയോക്താക്കൾക്കായുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിൽ പൂർണ്ണമായ പുനഃക്രമീകരണവും ന്യൂ മെക്സിക്കോ ജഡ്ജി ഉത്തരവിട്ടു. കൗമാരക്കാരെ അടിമകളാക്കുന്ന തരത്തിലാണ് മെറ്റ അൽഗോരിതം സെറ്റ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. മെറ്റ അവരുടെ സമീപനത്തിൽ മാറ്റം വരുത്തണം. കുട്ടികളുടെയും കൗമാരക്കാരുടെയും സാമൂഹിക മാധ്യമ ഉപയോഗത്തിന് പ്രതിമാസ പരിധി ഏർപ്പെടുത്തണം. മുതിർന്നവർ കുട്ടികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നത് നിയന്ത്രിക്കണമെന്നും മെറ്റയ്ക്ക് കോടതി നിർദേശം നൽകി.

കുട്ടികളുടെ മാനസികാരോഗ്യത്തിന് മെറ്റ ബോധപൂർവ്വം ദോഷം വരുത്തിയെന്നും പ്ലാറ്റ്‌ഫോമുകളിലെ കുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തങ്ങൾക്കറിയാമായിരുന്ന കാര്യങ്ങൾ മറച്ചുവെച്ചുവെന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നഷ്ടപരിഹാര തുകയുടെ ഭൂരിഭാഗവും (20 മില്യൺ ഡോളർ) യുവാക്കൾക്കായുള്ള ചികിത്സാ സേവനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ജഡ്ജി ബ്രയാൻ ബീഡ്‌ഷീഡ് പറഞ്ഞു. ബാക്കി തുക ബോധവൽക്കരണം, പ്രതിരോധം, സ്ക്രീനിംഗ് സേവനങ്ങൾ എന്നിവയ്ക്കും അടുത്ത അഞ്ച് വർഷത്തിനുള്ളിലെ മറ്റ് ചെലവുകൾക്കുമായി വിനിയോഗിക്കും.

ഒരു തവണ കയറിയാൽ പിന്നെ ഇറങ്ങാൻ കഴിയാത്ത തരത്തിലാണ് ഇൻസ്റ്റാഗ്രാം റീലുകളുടെ അൽഗോരിതം മെറ്റ സെറ്റ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകൾ അമേരിക്കയിൽ നിലനിൽക്കുന്നുണ്ട്. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകൾ, സ്കൂൾ അധികൃതർ, സാമൂഹിക മാധ്യമങ്ങൾക്ക് അടിമപ്പെട്ട് ആത്മഹത്യ ചെയ്ത കുട്ടികളുടെ മാതാപിതാക്കളും നൽകിയ കേസുകളാണിത്. പുതിയ വിധി സമാനമായ കേസുകളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് മെറ്റ. യുവ ഉപയോക്താക്കൾക്കായുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദോഷകരമായ ഉള്ളടക്കം നീക്കം ചെയ്യുകയാണെന്നും മെറ്റ വ്യക്തമാക്കി. യുവ ഉപയോക്താക്കൾക്ക് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും സുരക്ഷിതമാണെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ച് മെറ്റ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി മാർച്ചിൽ ഒരു ജൂറി കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് കമ്പനി ബോധപൂർവ്വം ദോഷം വരുത്തിയെന്നും പ്ലാറ്റ്‌ഫോമുകളിലെ കുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തങ്ങൾക്കറിയാമായിരുന്ന കാര്യങ്ങൾ മറച്ചുവെച്ചുവെന്നും നിരീക്ഷിച്ച ജൂറി, 375 മില്യൺ ഡോളർ സിവിലിയൻ പിഴയും വിധിച്ചിരുന്നു.