ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി 3 രാജ്യങ്ങൾ

ലെബനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ. അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ബെയ്റൂട്ടിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്.

 

ബെയ്റൂട്ട്: ലെബനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ. അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ബെയ്റൂട്ടിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്. ഗൾഫ് എയർലൈൻസ് ,എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു.

യുദ്ധം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. ഇന്ന് ബെയ്റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ലെബനൻ പൗരന്മാരോട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്തെത്തിയിരുന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടെ 558 പേർ കൊല്ലപ്പെടുകയും 1,835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്.

ബെയ്‌റൂട്ടിൻ്റെ തെക്കൻ മേഖലയായ ഗൊബെയ്‌രി ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയാണുണ്ടായത്. 2000 സ്‌ഫോടക വസ്തുക്കളാണ് ലെബനനിൽ വർഷിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.