അഴിമതിക്കേസ് ; ഷെയ്ഖ് ഹസീനയ്ക്ക് പത്ത് വർഷം തടവ് ശിക്ഷ

ബംഗ്ലാദേശിലെ പർബച്ചൽ ന്യൂ ടൗൺ സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് അഴിമതിക്കേസുകളിൽ മുൻ പ്രധാനമന്ത്രി
 

 ബംഗ്ലാദേശിലെ പർബച്ചൽ ന്യൂ ടൗൺ സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് അഴിമതിക്കേസുകളിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. ധാക്ക സ്‌പെഷ്യൽ ജഡ്ജ് കോടതി-4 ലെ ജഡ്ജി റബിയുൽ ആലമാണ് തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്. രണ്ട് കേസുകളിലായി അഞ്ച് വർഷം വീതമാണ് ശിക്ഷ.

ഹസീനയ്ക്ക് പുറമെ അവരുടെ അടുത്ത ബന്ധുക്കൾക്കും കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഹസീനയുടെ അനന്തരവളും ബ്രിട്ടീഷ് എംപിയുമായ ടുലിപ് സിദ്ദിഖിന് നാല് വർഷവും (ഓരോ കേസിലും രണ്ട് വർഷം വീതം), അനന്തരവൻ റദ്വാൻ മുജീബ് സിദ്ദിഖിന് ഏഴ് വർഷവും തടവ് ശിക്ഷ ലഭിച്ചു. മറ്റൊരു അനന്തരവളായ അസ്മിന സിദ്ദിഖിനും ഏഴ് വർഷം തടവ് വിധിച്ചിട്ടുണ്ട്.

പദ്ധതിയുമായ ബന്ധപ്പെട്ട് അധികാരം ദുരുപയോഗം ചെയ്ത് പ്ലോട്ടുകൾ അനുവദിച്ചുവെന്നാരോപിച്ച് ആന്റി കറപ്ഷൻ കമ്മീഷനാണ് കേസുകൾ ഫയൽ ചെയ്തത്. നിയമങ്ങൾ ലംഘിച്ചും നടപടിക്രമങ്ങളിൽ കൃത്രിമം കാട്ടിയും പ്ലോട്ടുകൾ സ്വന്തമാക്കിയെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. ശിക്ഷിക്കപ്പെട്ടവർക്കെല്ലാം ഒരു ലക്ഷം ടാക്ക വീതം പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.