18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിബറ്റിലെ ബുദ്ധവിഹാരങ്ങളില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി ചൈന

 

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആശ്രമത്തില്‍ പ്രവേശനമില്ലെന്ന് കാണിക്കുന്ന നോട്ടീസുകള്‍ ഖാമിലെ ഒരു ആശ്രമത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

 

ടിബറ്റന്‍ സാംസ്‌കാരിക മുദ്രകള്‍ ദൈനംദിന ജീവിതത്തില്‍നിന്ന് മായ്ച്ചുകളയാന്‍ ലക്ഷ്യമിട്ടുള്ള ചൈനീസ് പദ്ധതിയാണ് ഇതെന്ന് ആരോപണമുണ്ട്.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിബറ്റിലെ ബുദ്ധവിഹാരങ്ങളില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി ചൈന. ടിബറ്റന്‍ ജനതയുടെ മതപരമായ ജീവിതത്തില്‍ നിയന്ത്രണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടിബറ്റന്‍ പ്രദേശത്തിന്റെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ വീചാറ്റില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നിയമം. ടിബറ്റന്‍ സാംസ്‌കാരിക മുദ്രകള്‍ ദൈനംദിന ജീവിതത്തില്‍നിന്ന് മായ്ച്ചുകളയാന്‍ ലക്ഷ്യമിട്ടുള്ള ചൈനീസ് പദ്ധതിയാണ് ഇതെന്ന് ആരോപണമുണ്ട്.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആശ്രമത്തില്‍ പ്രവേശനമില്ലെന്ന് കാണിക്കുന്ന നോട്ടീസുകള്‍ ഖാമിലെ ഒരു ആശ്രമത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിബറ്റന്‍ പ്രദേശത്തെ സ്‌കൂളുകള്‍ വാര്‍ഷികാവധിക്ക് അടച്ചിടുന്ന സമയത്താണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സമയത്ത്, ടിബറ്റിലെ കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ആശ്രമങ്ങള്‍ സന്ദര്‍ശിക്കുക പതിവാണ്.
ഇത് തടയുക വഴി ടിബറ്റിന്റെ സാംസ്‌കാരിക വ്യാപനത്തെ ദുര്‍ബലപ്പെടുത്താനാണ് ചൈനയുടെ ശ്രമം.