ബുധനാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിക്കും ; മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: ബുധനാഴ്ചക്കു മുമ്പായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മുന്നറിയിപ്പ്. വെടിനിർത്തൽ ധാരണ നീട്ടിയേക്കില്ല, ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും എയർ ഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറായില്ലെങ്കിൽ നിർഭാഗ്യവശാൽ ബോംബ് വർഷം പുനരാരംഭിക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
യു.എസ്-ഇറാൻ വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്. പാകിസ്താൻ, തുർക്കിയ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കിയയിലെ അനറ്റോളിയയിൽ യോഗം ചേരുന്നുണ്ട്. ഹുർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ പാരിസിൽ വിവിധ രാജ്യങ്ങളുടെ യോഗം വെള്ളിയാഴ്ച ചേർന്നു. ഈ യോഗത്തിന്റെ താൽപര്യംകൂടി മുൻനിർത്തിയാണ് ഇറാൻ ഹുർമുസ് തുറക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നാവിക ഉപരോധം തുടർന്നാൽ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ പാർലമെൻറ് സ്പീക്കർ മുന്നറിയിപ്പ് നൽകി.
അതേസമയം, സമ്പുഷ്ടീകരിച്ച യുറേനിയം എവിടേക്കും മാറ്റില്ലെന്ന് ഇറാനിയൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബാക്വി പറഞ്ഞു. നേരത്തെ, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ലബനാൻ വെടിനിർത്തൽ കാലയളവ് വരെയാണ് ഹുർമുസ് എല്ലാ വാണിജ്യ കപ്പലുകൾക്കായും ഇറാൻ തുറന്നുകൊടുത്തത്. യുദ്ധം ആരംഭിച്ചശേഷം ആദ്യമായി ക്രൂയിസ് കപ്പൽ ഹുർമുസ് കടന്നു. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ഫോർഡ് വീണ്ടും മിഡിൽ ഈസ്റ്റിൽ എത്തിയതായി വാർത്ത ഏജൻസി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. സൂയസ് കനാൽ കടന്നെത്തിയ കപ്പൽ നിലവിൽ ചെങ്കടലിൽ തമ്പടിച്ചിരിക്കുകയാണ്. നേരത്തെ, ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംയുക്ത ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ പങ്കെടുക്കാനായി ചെങ്കടലിൽ ഉണ്ടായിരുന്ന കപ്പലിൻറെ ലോൺട്രി ഭാഗത്ത് തീപിടിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി യൂറോപ്പിലേക്ക് പോയിരുന്നു.