നൈജീരിയയിലെ കത്തോലിക്കാ സ്കൂളിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 130 വിദ്യാർഥികളെയും ജീവനക്കാരെയും മോചിപ്പിച്ചു
അബുജ: കഴിഞ്ഞ മാസം നൈജീരിയയിലെ കത്തോലിക്കാ സ്കൂളിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 130ഓളം വിദ്യാർഥികളെയും ജീവനക്കാരെയും വിട്ടയച്ചതായി പൊലീസ് അറിയിച്ചു. നവംബർ 21നാണ് നൈജീരിയയിലെ വടക്കൻ-മധ്യ നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിൽ ആക്രമണം നടത്തി 303 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്.
50 പേർ മണിക്കൂറുകൾക്കകം തന്നെ രക്ഷപ്പെട്ടിരുന്നു. ഈ മാസം ആദ്യം 100 കുട്ടികളെ മോചിപ്പിച്ചു. ശേഷിക്കുന്ന വിദ്യാർഥികളെയും ജീവനക്കാരെയുമാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നതെന്ന് നൈജർ പൊലീസ് വക്താവ് വാസിയു അബിയോഡൺ പറഞ്ഞു.
മോചിതരായ സ്കൂൾ കുട്ടികൾ തിങ്കളാഴ്ച നൈജർ തലസ്ഥാനമായ മിന്നയിൽ എത്തുമെന്നും ക്രിസ്മസിന് മാതാപിതാക്കളോടൊപ്പം ചേരുമെന്നും പ്രസിഡന്റിെന്റ വക്താവ് ബയോ ഒനാനുഗ പറഞ്ഞു. സൈനിക ഓപറേഷനെ തുടർന്നാണ് സ്കൂൾ കുട്ടികളുടെ മോചനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.