329 പേര്‍ കൊല്ലപ്പെട്ട കനിഷ്‌ക വിമാന ദുരന്തത്തില്‍ 40 വര്‍ഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയര്‍ ഇന്ത്യ വിമാനം ബോംബിട്ട് തകര്‍ത്തത് ഖാലിസ്ഥാന്‍ ഭീകരര്‍ തന്നെ
329 പേര്‍ കൊല്ലപ്പെട്ട കനിഷ്‌ക വിമാന ദുരന്തത്തില്‍ 40 വര്‍ഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയര്‍ ഇന്ത്യ വിമാനം ബോംബിട്ട് തകര്‍ത്തത് ഖാലിസ്ഥാന്‍ ഭീകരര്‍ തന്നെ
ഇന്ത്യയുടെ ദീര്‍ഘകാലത്തെ നിലപാടിനെ ശരിവെക്കുന്നതാണ് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പുതിയ വെളിപ്പെടുത്തല്‍.
പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആദ്യമായി ഔദ്യോഗികമായി സമ്മതിച്ചു.
കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ ആയിരുന്നുവെന്ന് 40 വര്‍ഷത്തിന് ശേഷം തുറന്നു സമ്മതിച്ച് കാനഡ. 1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യ വിമാനം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന് 329 പേരാണ് കൊല്ലപ്പെട്ടത്. എയര്‍ ഇന്ത്യയുടെ എമ്പറര്‍ കനിഷ്‌ക എന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747 വിമാനം ബോംബ് വെച്ചു തകര്‍ത്തതിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആദ്യമായി ഔദ്യോഗികമായി സമ്മതിച്ചു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഇന്ത്യയുടെ ദീര്‍ഘകാലത്തെ നിലപാടിനെ ശരിവെക്കുന്നതാണ് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പുതിയ വെളിപ്പെടുത്തല്‍. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു.
ടൊറന്റോയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ചാണ് തകര്‍ന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ 45 മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ്, വിമാനത്തിന്റെ ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചത്. ഈ സ്‌ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടെങ്കിലും സമുദ്രത്തില്‍ നിന്നും 131 മൃതദേഹങ്ങള്‍ മാത്രമാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഖാലിസ്ഥാന്‍ സംഘടനയായ ബബ്ബര്‍ ഖല്‍സയായിരുന്നു പിന്നില്‍ എന്ന് വ്യക്തമായി.
അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന സിഖ് വിഘടനവാദി നേതാവ് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെയും അനുയായികളെയും പുറത്താക്കാന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ട 'ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍' സൈനിക നടപടിയോടുള്ള പ്രതികാരമായാണ് ഈ ഭീകരാക്രമണം നടന്നത്. കാനഡയുടെ ദേശീയ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായി മാറിയ ദുരന്തം സംഭവിച്ച ജൂണ്‍ 23നെ, ഭീകരാക്രമണ ഇരകളുടെ ദേശീയ അനുസ്മരണ ദിനമായി കനേഡിയന്‍ സര്‍ക്കാര്‍ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
എങ്കിലും മുന്‍കാലങ്ങളില്‍ ഈ ദുരന്തത്തെ കേവലം ഒരു 'ഇന്ത്യന്‍ പ്രശ്‌നം' എന്ന രീതിയിലാണ് കനേഡിയന്‍ അധികൃതര്‍ വീക്ഷിച്ചിരുന്നത്. ഇത് അന്വേഷണത്തിന്റെ ഗൗരവം കുറയ്ക്കാന്‍ കാരണമായതായി ആക്ഷേപമുണ്ട്. തുടര്‍ന്ന് 2010-ല്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ജോണ്‍ മേജറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍, കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകളുടെ ഒരു പരമ്പര തന്നെ കണ്ടെത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഇരകളുടെ കുടുംബങ്ങളോട് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചിരുന്നു.