ഇന്ത്യൻ വിദ്യാർഥികളെ തള്ളി കാനഡ; ഓഗസ്റ്റിൽ നിരസിച്ചത് 74 ശതമാനം അപേക്ഷകൾ

കാനഡയിൽ ബിരുദപഠനത്തിന് ഇക്കൊല്ലം ഓഗസ്റ്റിൽ ഇന്ത്യയിൽനിന്ന് ലഭിച്ച അപേക്ഷകളിൽ 74 ശതമാനവും അധികൃതർ തള്ളി. 2023 ഓഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള 32 ശതമാനം അപേക്ഷകൾ മാത്രമാണ് നിരാകരിക്കപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ ‘റോയിറ്റേഴ്സ്’ റിപ്പോർട്ടുചെയ്തു.
 


ടൊറന്റോ: കാനഡയിൽ ബിരുദപഠനത്തിന് ഇക്കൊല്ലം ഓഗസ്റ്റിൽ ഇന്ത്യയിൽനിന്ന് ലഭിച്ച അപേക്ഷകളിൽ 74 ശതമാനവും അധികൃതർ തള്ളി. 2023 ഓഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള 32 ശതമാനം അപേക്ഷകൾ മാത്രമാണ് നിരാകരിക്കപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ ‘റോയിറ്റേഴ്സ്’ റിപ്പോർട്ടുചെയ്തു.

വിവിധ വിദേശരാജ്യങ്ങളിൽനിന്നു ലഭിച്ച അപേക്ഷകളിൽ 40 ശതമാനവും ഓഗസ്റ്റിൽ കാനഡ നിരാകരിച്ചു. ചൈനയിൽനിന്നുള്ള 24 ശതമാനം അപേക്ഷകളും ഇതിലുൾപ്പെടുന്നു. വിദേശവിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ കാനഡ ശ്രമിക്കുന്ന സാഹചര്യത്തിലാണിത്.

ബിരുദപഠനത്തിന് കാനഡ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. 2023 ഓഗസ്റ്റിൽ 20,900 പേർ അപേക്ഷിച്ചസ്ഥാനത്ത്, ഇക്കൊല്ലം ഓഗസ്റ്റിൽ 4,515 പേർ മാത്രമാണ് അപേക്ഷിച്ചത്.

കനേഡിയൻപൗരനായ ഖലിസ്താൻവാദി ഹർദീപ് സിങ് നിജ്ജർ 2023-ൽ കൊല്ലപ്പെട്ടസംഭവത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇത് മെച്ചപ്പെട്ടുവരുമ്പോഴാണ് വിദ്യാർഥിയപേക്ഷകൾ തള്ളിക്കളഞ്ഞ വാർത്തവരുന്നത്.