47 പേരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ചൈനയില്‍ 27 പേര്‍ മരിച്ചു

 


ബീജിങ്: ചൈനയില്‍ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു കൗണ്ടിയില്‍ 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇരുപതുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഞായറാഴ്ചയാണ് ബസ് അപകടം. ഈ വര്‍ഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ റോഡ് അപകടമാണിത്. 

 ഗ്വിയാങ് പ്രവിശ്യയിലെ ഒരു ഹൈവേയില്‍ 47 പേരുമായി പോയ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നും  ലിബോ കൗണ്ടിയില്‍ നിന്ന് ഗ്വിയാങ്ങിലേക്ക് പോവുകയായിരുന്നു ബസ് എന്നും സാന്‍ഡു കൗണ്ടി പോലീസ് പ്രസ്താവനയില്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തര രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിരിക്കുകയാണ്.  

നിരവധി ഗോത്ര ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ഗ്വിയാങ് പ്രവിശ്യയോട് ചേര്‍ന്ന് ദരിദ്ര കുടുംബങ്ങള്‍ വസിക്കുന്ന മലമ്പ്രദേശവുമായ ക്വിയാനാന്‍ പ്രിഫെക്ചറിലാണ് അപകടമുണ്ടായത്. ചൈനയിലുടനീളമുള്ള ദീര്‍ഘദൂര പാസഞ്ചര്‍ വണ്ടികള്‍ പുലര്‍ച്ചെ രണ്ടിനും രാവിലെ അഞ്ചിനും ഇടയില്‍  സര്‍വീസ് നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. പ്രവിശ്യയിലെ പല പ്രധാന റോഡുകളും കൊവിഡ്  നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിരാവിലെ ഒരു പാസഞ്ചര്‍ ബസ്  ഹൈവേയിലൂടെ എങ്ങനെ കടന്നുപോയെന്ന  വിമര്‍ശനങ്ങളും ഉയരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഗ്വിയാങ് പ്രവിശ്യയില്‍ നൂറ് ടോള്‍ സ്റ്റേഷനുകളും അടച്ചുപൂട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 900-ലധികം പുതിയ കൊവിഡ് കേസുകളാണ്  ഗ്വിയാങ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരമായ കൊവിഡ് വ്യാപനത്തിന്റെ വക്കില്‍ നില്‍ക്കവെയുള്ള റോഡപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശം എന്നും പ്രതിഷേധം ഉയരുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.  ചൈനയില്‍ റോഡപകടങ്ങള്‍ പതിവാണ്. സുരക്ഷാ മാനദണ്ഡങ്ങളില്‍ അയഞ്ഞ സമീപനവും ക്രമരഹിതമായ നിര്‍വഹണവും വര്‍ഷങ്ങളായി ചൈനയില്‍ നിരവധി വാഹന അപകട മരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.