ബോണ്ടി ബീച്ചിൽ നടന്ന ആക്രമണത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ബിന്യമിൻ നെതന്യാഹു

 

തെൽ അവീവ്: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ആക്രമണത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആന്തണി അൽബനീസിനെതിരെ കടുത്ത വിമർശനമാണ് നെതന്യാഹു ഉന്നയിച്ചിരിക്കുന്നത്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സർക്കാറിന്റെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു.

ജൂതവിരുദ്ധ വികാരത്തിന് ഇന്ധനം പകരുന്ന തീരുമാനമായിരുന്നു ഇത്. ഈ തീരുമാനം ആസ്ട്രേലിയൻ ജൂതൻമാരെ ഭീഷണിപ്പെടുത്തുന്നവർക്ക് പ്രോത്സാഹനം നൽകുകയും ധെര്യപ്പെടുത്തുകയും ചെയ്തുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ആസ്​ട്രേലിയയിലെ ജൂതവിരോധം തടയുന്നതിൽ നിങ്ങളുടെ സർക്കാർ ഒന്നും ചെയ്തില്ല. നിങ്ങളുടെ രാജ്യത്ത്‍ വളരുന്ന അർബുദത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതിന്റെ ഫലം ഭീകരമായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.

സ്വന്തം ജീവൻ പണയംവെച്ച് അക്രമിയെ തടഞ്ഞ അഹമ്മദ് അൽ അഹമ്മദിനെ നെതന്യാഹു അഭിനന്ദിച്ചു. ധീരനായ ആ മനുഷ്യന് സല്യൂട്ട് നൽകുന്നുവെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എന്നാൽ, നെതന്യാഹുവിന്റെ പ്രതികരണത്തോട് ​പരസ്യമായി പ്രതികരിക്കാൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് തയാറായില്ല.

ഇത് ദേശീയ ഐക്യത്തിനുള്ള സമയമാണ്. ആസ്ട്രേലി​യക്കാൻ ഇപ്പോൾ ഒരുമിച്ച് നിൽക്കണം. അത് തന്നെയാണ് ഇപ്പോൾ രാജ്യം ചെയ്യുന്നതെന്നും അൽബനീസ് പറഞ്ഞു. ആസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ജൂതമത ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ 15 പേർ മരിച്ചിരുന്നു. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് പേരാണ് അക്രമം നടത്തിയത്. ഇതിലൊരാളെ ആസ്ട്രേലിയൻ പൊലീസ് വെടിവെച്ച് കൊന്നു. രണ്ടാമത്തെയാളെ പിടികൂടിയിട്ടുണ്ട്.