ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം ; അമേരിക്കയില്‍ 31 കാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജോര്‍ജിയയിലെ കര്‍ശനമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍ നിലവില്‍ വന്നശേഷം ഇതാദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അമേരിക്കയിലെ ജോര്‍ജിയയില്‍ മുപ്പത്തിയൊന്നുകാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോര്‍ജിയയിലെ കിംഗ്സ്ലാന്‍ഡ് സ്വദേശിയായ അലക്‌സിയ മൂര്‍ എന്ന യുവതിക്കെതിരെയാണ് പോലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ജോര്‍ജിയയിലെ കര്‍ശനമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍ നിലവില്‍ വന്നശേഷം ഇതാദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസത്തോളം ഗര്‍ഭിണിയായിരുന്ന അലക്‌സിയ, ഗര്‍ഭഛിദ്രത്തിനായി 'മിസോപ്രോസ്റ്റോള്‍' എന്ന ഗുളികയും വേദനസംഹാരിയായ 'ഓക്‌സിക്കോഡോണും അമിത അളവില്‍ കഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്നും യുവതി സ്വബോധത്തോടെ എടുത്ത തീരുമാനം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് വാദിക്കുന്നത്. കുഞ്ഞിന്റെ രക്തത്തില്‍ ഓക്‌സിക്കോഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തിയാല്‍ (സാധാരണയായി ആറ് ആഴ്ചയ്ക്ക് ശേഷം) ഗര്‍ഭഛിദ്രം നിരോധിക്കുന്ന ജോര്‍ജിയയിലെ നിയമമാണ് ഇവിടെ യുവതിക്ക് തിരിച്ചടിയായത്.
അലക്‌സിയ മൂറിനെ കാംഡെന്‍ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തിയതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഗര്‍ഭഛിദ്ര അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ ക്രിമിനലുകളായി കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും അവകാശങ്ങളെയും ബാധിക്കുമെന്നും ഇവര്‍ വാദിക്കുന്നു.