'ബാബ് അൽ-മന്ദബ് കടലിടുക്കും അടയ്ക്കും, പിന്നെ ജിന്ന് വന്നാലും തുറക്കാനാകില്ല' ; ഭീഷണിയുമായി യെമനിലെ ഹൂത്തികൾ
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയ്ക്കിടയിൽ ആഗോള കപ്പൽ ഗതഗതത്തിന് അടുത്ത പ്രതിസന്ധി. ബാബ് അൽ-മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂത്തികൾ. സനായിലെ ഹൂതി സർക്കാർക്കാരിന്റെ വിദേശകാര്യ സഹമന്ത്രി ഹുസ്സൈൻ അൽ -ഇസ്സിയാണ് എക്സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയത്. സമാധാനം തകർക്കുന്ന ശ്രമങ്ങൾ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തുടർന്നാൽ ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഭീഷണി.
സനാ : ഹോർമുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയ്ക്കിടയിൽ ആഗോള കപ്പൽ ഗതഗതത്തിന് അടുത്ത പ്രതിസന്ധി. ബാബ് അൽ-മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂത്തികൾ. സനായിലെ ഹൂതി സർക്കാർക്കാരിന്റെ വിദേശകാര്യ സഹമന്ത്രി ഹുസ്സൈൻ അൽ -ഇസ്സിയാണ് എക്സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയത്. സമാധാനം തകർക്കുന്ന ശ്രമങ്ങൾ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തുടർന്നാൽ ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഭീഷണി. 'ബാബ് അൽ-മന്ദബ് അടയ്ക്കാൻ സനാ തീരുമാനിച്ചാൽ, പിന്നെ അത് തുറക്കാൻ മനുഷ്യർക്കോ ജിന്നുകൾക്കോ സാധിക്കില്ല. അതിനാൽ സമാധാനത്തിന് തടസ്സമാകുന്ന എല്ലാ നയങ്ങളും ട്രംപും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങളും ഉടൻ അവസാനിപ്പിക്കണം. ഞങ്ങളുടെ ജനതയുടെ അവകാശങ്ങളെ മാനിക്കാൻ അവർ തയ്യാറാകണം'. എന്നാണ് എക്സിലൂടെ ഹുസ്സൈൻ അൽ -ഇസ്സി അറിയിച്ചത്.
ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്ക് സൂയസ് കനാൽ വഴിയുള്ള ആഗോള കപ്പൽ ഗതാഗതത്തിന്റെ പ്രധാന കവാടമാണ്. ഇതിന്റെ ഒരു വശത്ത് യെമൻ ആണ്. ഏഷ്യയെയും (യെമൻ) ആഫ്രിക്കയെയും (ജിബൂട്ടി, എറിത്രിയ) തമ്മിൽ വേർതിരിക്കുന്നതും ഈ ജലപാതയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണയും ഇന്ധനവും യൂറോപ്പിലേക്കും അമേരിക്കയിലേക്കും എത്തുന്നത് ഈ പാതയിലൂടെയാണ്. അതുപോലെ റഷ്യൻ എണ്ണ ഉൾപ്പെടെ ഏഷ്യയിലേക്കുള്ള ചരക്കുനീക്കത്തിനും ഈ കടലിടുക്ക് തുറന്നിരിക്കേണ്ടത് അത്യാവശ്യമാണ്.
വെറും 29 കിലോമീറ്റർ മാത്രമാണ് ഈ കടലിടുക്കിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗം. കപ്പലുകൾക്ക് കടന്നുപോകാൻ രണ്ട് ചെറിയ ചാനലുകൾ മാത്രമേ ഇവിടെയുള്ളൂ. ഹോർമുസ് കടലിടുക്കിന് പിന്നാലെ ബാബ് അൽ-മന്ദബ് കൂടി അടയ്ക്കപ്പെട്ടാൽ ആഗോള വിപണിയിലും എണ്ണവിലയിലും വൻ പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പാണ്. അറബിയിൽ 'ബാബ് അൽ-മന്ദബ്' എന്നാൽ 'കണ്ണീരിന്റെ കവാടം' എന്നാണ് അർഥം. പണ്ട് ഈ ഭാഗത്തുണ്ടായ അപകടകരമായ നാവിക യാത്രകളും ഭൂകമ്പങ്ങളും കാരണമാകാം ഈ പേര് ലഭിച്ചതെന്നാണ് കരുതുന്നത്. എന്നാൽ, ഇന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിൽ ഒന്നാണിത്. സൂയസ് കനാൽ വഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്ന എണ്ണക്കപ്പലുകളും ചരക്ക് കപ്പലുകളും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.