ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാന്‍ നഗരമായ മഷാദില്‍ നടക്കും

 

ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്.

 

ഷിയ മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം

ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാന്‍ നഗരമായ മഷാദില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാല്‍ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതില്‍ വ്യക്തതയില്ല.

ഫെബ്രുവരി 28ന് ആയത്തുള്ള ഖമനയിയുടെ ടെഹ്റാനിലെ വസതിക്ക് നേരെ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഖമനയിയുടെ ഭാര്യ മന്‍സൂറ ഖോജസ്തേ കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്.