മോദിയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

റഷ്യ  യുക്രൈന്‍ യുദ്ധം മറ്റു രാജ്യങ്ങളില്‍ ഉണ്ടാക്കിയ ആഘാതം, പണപ്പെരുപ്പം അടക്കം വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്.
 

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ടി 20 ക്രിക്കറ്റ് പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.

ഇരുപ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം, വാണിജ്യം, കുടിയേറ്റം, സാങ്കേതിക വിദ്യ, ഖനനം അടക്കം വിവിധ തലങ്ങളിലെ സഹകരണത്തിന് കരാറായി. പതിനൊന്ന് വിഷയങ്ങളെ സംബന്ധിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച നടന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

റഷ്യ  യുക്രൈന്‍ യുദ്ധം മറ്റു രാജ്യങ്ങളില്‍ ഉണ്ടാക്കിയ ആഘാതം, പണപ്പെരുപ്പം അടക്കം വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളിലും ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്‌ട്രേലിയയെ ആശങ്ക അറിയിച്ചു. ഇത്തരം ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണുമായും മോദി കൂടിക്കാഴ്ച നടത്തി. 

ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലെ സൈനിക, ഊര്‍ജ്ജ, സാംസ്‌കാരിക സഹകരണം ശക്തമാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും കുടിയേറ്റത്തിന് സഹായകരമാകുന്ന പുതിയ ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. ബംഗ്ലൂരുവില്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ബ്രിസ്ബനില്‍ ഇന്ത്യയുടെ കോണ്‍സുലേറ്റ് തുറക്കുമെന്ന് മോദി ഇന്നലെ അറിയിച്ചിരുന്നു. മൂന്നു രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഇന്ന് മടങ്ങും.