പട്ടായയിലേക്ക് ആകര്‍ഷകമായ ടൂര്‍ പാക്കേജ്; വിമാനമിറങ്ങിയ മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയില്‍
പട്ടായയിലേക്ക് ആകര്‍ഷകമായ ടൂര്‍ പാക്കേജ്; വിമാനമിറങ്ങിയ മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയില്‍
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യന്‍ പൗരന്മാരെ ബാങ്കോക്കില്‍ നിന്ന് തായ് പൊലീസ് അറസ്റ്റ് ചെയ്തു.
ബാങ്കോക്കില്‍ എത്തിയ ഉടന്‍ തന്നെ ഇവര്‍ സംഘത്തിന്റെ കെണിയില്‍പ്പെട്ടു.
തായ്ലന്‍ഡില്‍ വിനോദയാത്രയ്ക്ക് എത്തിയ മൂന്ന് ഇന്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ച സംഘത്തെ തായ് പൊലീസ് പിടികൂടി. പട്ടായയിലെ ഒരു വീട്ടില്‍ ബന്ദികളാക്കപ്പെട്ട യുവാക്കളെ പൊലീസ് മോചിപ്പിച്ചു. കുറഞ്ഞ തുകയ്ക്ക് ഒരാഴ്ചത്തെ ആകര്‍ഷകമായ ടൂര്‍ പാക്കേജ് എന്ന പ്രലോഭനത്തില്‍ കുടുങ്ങിയാണ് യുവാക്കള്‍ തായ്ലന്‍ഡില്‍ എത്തിയത്. എന്നാല്‍ ബാങ്കോക്കില്‍ എത്തിയ ഉടന്‍ തന്നെ ഇവര്‍ സംഘത്തിന്റെ കെണിയില്‍പ്പെട്ടു. യുവാക്കളെ സംഘം തട്ടിക്കൊണ്ടുപോയി. 24 ലക്ഷം തായ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ക്രൂരമായ പീഡനം. സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പേരും ഇന്ത്യക്കാരാണ്.
ബാങ്കോക്കില്‍ വിമാനം ഇറങ്ങിയ മൂന്ന് ഇന്ത്യന്‍ യുവാക്കള്‍ ടാക്‌സിയില്‍ പട്ടായയിലേക്ക് പോവുകയും അവിടെയുള്ള ഒരു റെസ്റ്റോറന്റില്‍ വെച്ച് പ്രതികളെ കാണുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ഇവരെ ഒരു വാടക വീട്ടിലേക്ക് കൊണ്ടുപോയി ബന്ദികളാക്കുകയായിരുന്നു. കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ദിവസങ്ങളോളം ക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയ യുവാക്കളെ, തലകീഴായി കെട്ടിത്തൂക്കി. ഭക്ഷണവും വെള്ളവും നിഷേധിച്ചു. ബന്ധുക്കളെ വീഡിയോ കോളില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യന്‍ പൗരന്മാരെ ബാങ്കോക്കില്‍ നിന്ന് തായ് പൊലീസ് അറസ്റ്റ് ചെയ്തു. അവ്താര്‍ സിങ്, ജഗ്ജിത് സിങ്, റാംബാലക് കുമാര്‍, സുഖ്ബീര്‍ സിങ്, കുല്‍റ സിങ് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ ഈ സംഘത്തിന് പിന്നില്‍ പാക് പൗരന്മാരുമുണ്ടെന്ന് പൊലീസ് പറയുന്നു.
ഒരു പാകിസ്ഥാന്‍ പൗരനാണ് ഈ ക്രിമിനല്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയതെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. വിനോദസഞ്ചാരികളെ ആകര്‍ഷകമായ പാക്കേജ് എന്ന പേരില്‍ ആസൂത്രിതമായി തടവിലാക്കി പണം തട്ടിയെടുക്കുന്ന പുതിയ തന്ത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.