തുർക്കിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരും മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു
Dec 30, 2025, 20:03 IST
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഐ.എസ് ഭീകരരും മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. യലോവ പ്രവിശ്യയിലെ ഇൽമാലി ജില്ലയിൽ ഐ.എസ് ഭീകരർ ഒളിവിൽ കഴിഞ്ഞ വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലാണ് വെടിവെപ്പിൽ കലാശിച്ചത്.
ആക്രമണത്തെതുടർന്ന് പ്രദേശത്തെ അഞ്ച് വിദ്യാലയങ്ങൾ അടച്ചു. മുൻകരുതൽ നടപടിയായി പ്രദേശത്തെ വൈദ്യുതി, ഗ്യാസ് വിതരണവും താൽക്കാലികമായി നിർത്തി. കഴിഞ്ഞ ആഴ്ച സമാനമായി പൊലീസ് നടത്തിയ തിരച്ചിലിൽ 115 ഭീകരരെ പിടികൂടിയിരുന്നു. തുർക്കിയയിൽ അടുത്തിടെ ഐ.എസ് നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.