വിയറ്റ്‌നാമില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം

കാണാതായവരെ കണ്ടെത്താന്‍ രാത്രി വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

 

വിയറ്റ്‌നാമിലെ ഹാലോങ് ഉള്‍ക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമായത്.

വിയറ്റ്നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ എട്ട് കുട്ടികളെയുള്‍പ്പടെ 27 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വിയറ്റ്‌നാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

വിയറ്റ്‌നാമിലെ ഹാലോങ് ഉള്‍ക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമായത്. വിനോദസഞ്ചാരികള്‍ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കാണാതായവരെ കണ്ടെത്താന്‍ രാത്രി വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.

അതേസമയം, വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹാലോംഗ് ബേ, എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് അവധിക്കാലം ആഘോഷിക്കാനായി ഇവിടെ എത്തുന്നത്. നീലയും പച്ചയും കലര്‍ന്ന വെള്ളവും മഴക്കാടുകളില്‍ കാണപ്പെടുന്ന ചുണ്ണാമ്പുകല്ല് ദ്വീപുകളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.